Wednesday, May 23, 2012

പരേതര്‍ തിരിച്ചു വരുന്നില്ല .......

യമലോകത്ത്‌ആത്മാക്കളെല്ലാം വലിയ സന്തോഷത്തിലാണ് , ഒരു വര്‍ഷമായി കാത്തിരുന്ന ആ ദിവസം നാളെയാണ് . വര്‍ഷത്തില്‍ ഒരിക്കല്‍ സ്വന്തം വീടുകളില്‍ പോയി സ്വന്ത- ബന്ധങ്ങളെയൊക്കെ കണ്ടു വരാന്‍ ചിത്രഗുപ്തന്‍ മരണപെട്ടു പോയ എല്ലാ ആത്മാക്കള്‍ക്കും അനുവാദം കൊടുത്തിട്ടുണ്ട്‌ .
എല്ലാവരും പരസ്പരം വിശേഷങ്ങള്‍ പറഞ്ഞും കളിച്ചും ചിരിച്ചും നടക്കുന്നുണ്ട് ,ചിലര്‍ തങ്ങളുടെ മക്കളുടെ വീരകൃത്യങ്ങളെ പറ്റി പറയുന്നുണ്ട് , മറ്റു ചിലര്‍ കൊച്ചു മക്കളുടെ കുസൃതികളെ പറ്റി വര്‍ണ്ണിക്കുന്നുണ്ട് , അങ്ങിനെ ബഹളമയമാണ് ഇന്ന്  യമലോകം
ചാലകുടിക്കാരന്‍ വര്‍ക്കിച്ചന്റെ ആത്മാവ് ഇതിലൊന്നും വലിയ താല്പര്യമില്ലാത്തമട്ടില്‍ ചുമ്മാ കറങ്ങിയടിച്ചു നടക്കുന്നുണ്ട് .
എന്താടോ വര്‍ക്കിച്ചാ ഒരു ഉഷാറില്ലല്ലോ  , കൂട്ടത്തിലെ കാരണവരായ പിള്ളചേട്ടന്‍ ചോദിച്ചു .
ഓ .. എന്ത് പറയാനാ ചേട്ടാ , ഇതിലൊന്നും ഒരു കാര്യവുമില്ലന്നെ

അതെന്താടോ അങ്ങനെ , വര്‍ഷത്തില്‍ ഒരിക്കല്‍ വീട്ടില്‍ പോയി മക്കളെയൊക്കെ ഒന്ന് കാണാലോ ,
അതൊരു നല്ല കാര്യമല്ലേ

അതൊക്കെ ശര്യാണ് ചേട്ടാ ... പറഞ്ഞിട്ടെന്താ
മ്മക്ക് ണ്ടൊരു ഗഡി , കഴിഞ്ഞ രണ്ടു വര്‍ഷം പുള്ളീനെ കാണാന്‍ ഞാന്‍ വീട്ടി പോയി

എന്നിട്ട് കണ്ടില്ലേ ...?


എവടെ.. അവന്‍ കുടിച്ചു പാമ്പായി തോട്ടു വക്കത്ത് എവടെയോ കെടക്കുന്നുന്ന് വീട്ടി പറയണകേട്ട്.
വീട്ടില്‍ പോകാന്‍ മാത്രമല്ലേ അനുവാദമുള്ളൂ , അതോണ്ട് കാണാന്‍ പറ്റീല

ഓഹോ .. അതാണ്‌ കാര്യം അല്ലെ , എന്തായാലും ഇപ്രാവശ്യം തനിക്ക് കാണാടോ , ധൈര്യമായിട്ടു പോ .


ഉം .. നോക്കട്ടെ

അങ്ങിനെ ഓരോരുത്തരും നാളത്തെ ദിവസത്തെ കാത്തിരുന്നു
ചിത്രഗുപ്തന്‍ തന്റെ കണക്ക് പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി .

പിറ്റേന്ന് പുലര്‍ച്ചയോടെ തന്നെ ആത്മാക്കള്‍ പുറപെട്ടുതുടങ്ങി
ശുഭ്രവസ്ത്രം ധരിച്ചു എലാവരും ഭൂമിയിലേക്ക്‌ ഒഴുകി ,
യമലോകം വിജനമായി .
കിട്ടിയ അവസരം മുതലാക്കി ചിത്രഗുപ്തന്‍ കണക്ക് പുസ്തകം മടക്കി വെച്ച് മേശമേല്‍ തല ചായ്ച്ചു .

വൈകുന്നേരത്തോടെ ഓരോരുത്തരും തിരിച്ചു വന്നു തുടങ്ങി .
ചിത്രഗുപ്തന്‍ കോട്ടുവാ ഇട്ടുകൊണ്ട് എഴുന്നേറ്റു  ,കണക്ക് പുസ്തകം തുറക്കുന്നതിനടയില്‍ വരുന്നവരെയൊക്കെ പാളി നോക്കി , ആരുടെ മുഖത്തും സന്തോഷം കാണുന്നില്ലല്ലോ
എന്ന് മനസ്സില്‍ പറഞ്ഞു .
മുഴുവന്‍ ആളുകളും എത്തിയിട്ടും യമലോകം 'മരണ വീട് ' പോലെ മൂകമായി തന്നെ ഇരുന്നു .
സാധാരണ ദിവസങ്ങളില്‍ പോലും പാട്ടും കളിയും ചിരിയും ഒക്കെയായി ബഹളമയമായിരിക്കുന്ന
യമലോകത്ത്‌ ഇന്നെന്ത് പറ്റി എന്ന് ചിത്രഗുപ്തന്‍ ആശ്ച്ചര്യപെട്ടു .
എന്തായാലും എല്ലാവരെയും ഒന്ന് കണ്ടു വരാന്‍ തന്നെ തീര്‍ച്ചപെടുത്തി.

ഓരോരുത്തരേയും കണ്ടു വിവരങ്ങള്‍ ആരാഞ്ഞു ..
ആദ്യം വര്‍ക്കിച്ചനെയാണ് കണ്ടത്

എന്താടോ ... വീട്ടിലെ വിശേഷങ്ങള്‍ ,ഗൗരവം വിടാതെ തന്നെയാണ് ചോദിച്ചത്
വര്‍ക്കിച്ചന്‍ സന്തോഷത്തിലാണ് .

ഹോ .. ഒന്നും പറയണ്ടന്റെ ചിത്രഗുപ്തോ ..

ഉം .. എന്താ ...

ഇന്ന് ഒന്നാംതി  അല്ലെ,  ബിവറേജസൊക്കെ അവധി ....മ്മടെ ഗഡി വീട്ടി തന്നെണ്ടാര്‍ന്നു , ഒന്ന് കാണാനൊത്തു.

ഉം .. ..എന്താ മറ്റുള്ളവരൊക്കെ മൂഡോഫിലാണല്ലോ ..?

പലര്‍ക്കും വീടുകളില്‍ പോയപ്പോ വേണ്ടീരുന്നില്ലാന്നാ തോന്നണെ...

അതെന്താ ...

എല്ലാരുടേം കഥകള്‍ കേട്ടപ്പോ നിക്കും അങ്ങനെ തോന്നി

ചിത്രഗുപ്തന്‍ മറ്റൊരാളിന്റെ അടുത്തേക്ക് നടന്നു ,
വര്‍ക്കിച്ചന്‍ പിന്നാലെയുണ്ട്
വെണ്ണക്കല്‍ വിരിച്ച അരതിണ്ണയില്‍ തൂണും ചാരി ഒരാള്‍ ഇരിപ്പുണ്ട് , അയാളുടെ നേരെ തിരിഞ്ഞപ്പോള്‍ തന്നെ വര്‍ക്കിച്ചന്‍ തടഞ്ഞു

അങ്ങോട്ട്‌ പോകണ്ടാ ...

അതെന്താ

അത് മ്മടെ  പീഡനകേസില്ലേ ...

ആരുടെ ..തന്റെയോ ..?

അതല്ല , ആ പെണ്‍കുട്ടികളെ സില്‍മേല്‍ അഭിനയിപ്പിക്കാന്നും പറഞ്ഞ്  പീഡിപ്പിക്കാന്‍ കൊടുത്ത
ഒരു പെണ്ണുമ്പിള്ളയില്ലേ ... അവള്‍ടെ തന്ത പിടിയാണ് .
ഇന്ന് വീട്ടി പോയപ്പോഴാണ് വിവരം അറിഞ്ഞത് , മകള്‍ പീഡനകേസില്‍ അകത്താണെന്ന്

ഓഹോ .. എന്നാ അങ്ങോട്ട്‌ പോകണ്ടാ

രണ്ടാളും കൂടി മുന്നോട്ടു നടന്നു
താടിക്ക് കയ്യും കൊടുത്തു ചിന്തിച്ചിരിക്കുന്ന ഒരാളെ കണ്ടു

അത് മ്മടെ ....

ചിത്രഗുപ്തന്‍ രൂക്ഷമായൊന്നു നോക്കി

മ്മടെ ന്ന് വെച്ചാല്‍......, എന്റെയല്ല
അഞ്ചി പഠിക്കുന്ന ഒരു ചെക്കന്‍ അഞ്ചു വയസ്സായ ഒരു കുട്ടീനെ ...

അവന്റെ തന്തപിടിയാകും  അല്ലെ ..

അദ്ധെന്നേ ...

വീണ്ടും മുന്നോട്ട് .
കൈകളില്‍ മുഖം പൂഴ്ത്തി വിങ്ങികരയുന്ന ഒരാളെ കണ്ടു .

മ്മടെ .. അല്ല ,  കൊടി വിനിയുടെ അച്ഛനാണത്

അതാരാ , കൊടിവിനി ..?

അതുപോലും അറില്ലെന്റെ ചിത്രഗുപ്തോ..
അതിനെങ്ങനാ , എതുനേരോം ഈ പുസ്തകോം തോറന്നോണ്ടിരിക്കുവല്ലേ ..
ഇടക്കൊക്കെ ഒന്ന് ഭൂമീലെ ചാനലുകള്‍   കാണണം .

ഹും .. എന്നിട്ട് വേണം ഈ യമലോകം നശിപ്പിക്കാന്‍ , ല്ലേ ...?
താന്‍ കാര്യം പറ , ആരാ കൊടിവിനി

അവനല്ലേ ഇപ്പൊ മലയാളത്തിലെ താരം ..
ചാനലിലും പത്രത്തിലും എന്താ കവറേജ് ....

മനസ്സിലായില്ല ...?

ലവനാണ് പാര്‍ട്ടിക്ക് വേണ്ടി വെട്ടാന്‍ പോകുന്നത്
റേറ്റ്‌ ച്ചിരി ക്കൂടുമെങ്കിലും പറഞ്ഞ കാര്യം നടക്കും .
അതോണ്ട് പാര്‍ട്ടിക്കും ഇഷ്ട്ടം ,
പാര്‍ട്ടീന്ന് തെറ്റ്യോരോക്കെ പുള്ളീനെ പേടിച്ചാ നടക്കണേ

കാര്യം ഇങ്ങനൊക്കെ ആണെങ്കിലും പുള്ളി ആളു ഡീസന്റാ...

അതെങ്ങിനെ ..?

ആളെ കൊന്നാലും പോലീസിനു പിടികൊടുക്കാന്‍ ആളു തയ്യാറാ ..

അതാണോ ഡീസന്റ് ...?

അതല്ല , പിടികൊടുത്താല്‍ തന്നെ കൈകാര്യംചെയ്യാന്‍ പാടില്ലാന്ന് .....

ഓ , അങ്ങിനെ ...
അപ്പൊ പുള്ളി ഡീസന്റ് തന്നെ .
ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ കൊള്ളാവുന്ന ഒരുത്തനുമില്ലോഡേയ്....?

അങ്ങനൊന്നും പറയാന്‍ പറ്റില്ല്യ ..

വീണ്ടും മുന്നോട്ട് നടക്കും തോറും കേട്ട കഥകള്‍ കേട്ട് ചിത്രഗുപ്തന്‍ കാതുകള്‍ പൊത്തി .

മതി ...ഇനി കേള്‍ക്കണ്ടാ
എല്ലാ അവന്മാര്‍ക്കും  കാലപുരിയിലേക്ക് ടിക്കെറ്റ് എടുക്കണമെന്ന് ഞാന്‍ യമദേവന്
റിപ്പോര്‍ട്ട് കൊടുക്കാന്‍ പോകുന്നു ....
അതിനെങ്ങിനാ ....ഈ പണ്ടാരകാലന്മാര്‍ക്കാണ് പുസ്തകത്തില്‍ ഏറ്റവും അധികം  ആയുസ്സ്‌ കാണുന്നത് .

നടന്നു നടന്നു രണ്ടു പേരും അവസാനം ഉദ്യാനതിലെത്തി.
അവിടെ ഒരാള്‍ ആര്‍ത്തുല്ലസിച്ചു നടക്കുന്നത് കണ്ടു രണ്ടു പേരും ആശ്ച്ചര്യപെട്ടു

അതാരാ വര്‍ക്കിച്ചാ ..

ഞാനും പുള്ളീനെ ഇന്ന് കണ്ടില്ല

എന്തായാലും ഭൂമിയില്‍ സുകൃതം ചെയ്തു ജീവിക്കുന്നവര്‍ ഉണ്ട്
അയാളുടെ മക്കള്‍ എന്തായാലും നല്ലവരാണ് , അതുകൊണ്ടാവും പുള്ളിക്ക് ഇത്ര സന്തോഷം .

രണ്ടുപേരും അയാളുടെ അടുത്തെത്തി .

ഇത്രയും കഥകള്‍ കേട്ടിട്ടും ,ഒന്നുപോലും നന്മയുടെതായി ഉണ്ടായില്ല
അത് കൊണ്ട് ,താങ്കളുടെ കഥ പറയൂ ..
ചിത്രഗുപ്തന്‍ ആവശ്യപെട്ടു
അതിനു മുന്‍പ്‌ സുകൃതം ചെയ്ത താങ്കളുടെ മക്കളുടെ പേരുകള്‍ പറയൂ ..
അവരുടെ ആയുസ്സ് ഇപ്പോള്‍ തന്നെ നീട്ടി കൊടുത്തേക്കാം ...
പറയൂ ....
ആരാണ്  , താങ്കളുടെ മകന്‍ അല്ലെങ്കില്‍ മകള്‍ ..?

ഇത് ഗംഭീര ഓഫറാട്ട . ഗഡ്യേ....
മടിക്കാണ്ട് പറഞ്ഞോളൂ ന്ന്  , വര്‍ക്കിച്ചന്‍ സപ്പോര്‍ട്ട് ചെയ്തു .

അയാള്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ....

ഭൂമിയിലുള്ളപ്പോ എനിക്ക് ഭയങ്കര സങ്കടമായിരുന്നു ...മക്കളില്ലാത്തതില്‍ ...,
ഇപ്പൊ  എനിക്ക് ഭയങ്കര സന്തോഷമാണ്  .




Friday, April 13, 2012

മമ്മൂഞ്ഞിന്റെ ഫൈസ് ബുക്ക്

മമ്മൂഞ്ഞ് തലപുകക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി .പാതിരാവരെ ഫൈസ്ബുക്കും തുറന്നു പറ്റാവുന്നത്ര പോസ്റ്റിയിട്ടും ഒരുത്തനും /ഒരുത്തിയും തിരിഞ്ഞു നോക്കുന്നില്ല . എലിയും പൂച്ചയും പുഷ്പവും പോസ്റ്റിനോക്കി നോ രക്ഷ . ഏതെന്കിലും പെണ്ണൊരുത്തി പറമ്പിലെ തൊട്ടാവാടിയുടെ ചിത്രം പോസ്റ്റിയാല്‍ പോലും   സ്റ്റാര്‍സിങ്ങറിലെ ദീദി പറയുംപോലെ ,വണ്ടര്‍ഫുള്‍ ഫന്റാസ്റ്റിക്ക്   മാര്‍വലസ്തുടങ്ങി ,ക്യാമറ യുടെ കവറിനെകുറിച്ച് വരെ   കമന്റുകളും ലോഡ് കണക്കിന് ലൈക്കുകളും കൊടുക്കാന്‍ മത്സരിക്കുന്ന ചേട്ടന്‍മാരൊന്നും മമ്മൂഞ്ഞിന്റെ പോസ്റ്റ് കണ്ട ഭാവം നടിച്ചില്ല .
മമ്മൂഞ്ഞ് നിരാശനായി എഫ്ബി യിലും പ്ലസ്സിലും മാറി മാറി കറങ്ങി നടന്നു . ഒരുത്തനും മൈന്‍ഡ്‌ ചെയ്യാത്തതില്‍ വേദനിച്ചു പ്രൊഫൈല്‍ വരെ ഡിലീറ്റി പോകാന്‍ തീരുമാനിച്ചു ,
പ്ലസ്സുകാരെയും മോന്ത പുസ്തകക്കാരെയും മാറി മാറി പ്രാകി മമ്മൂഞ്ഞ് സൈന്‍ ഔട്ട്‌ ചെയ്തു .
മമ്മൂഞ്ഞിന്റെ പരവേശം കണ്ടു ഉമ്മ കാര്യമന്വേഷിച്ചു ,പ്ലസിലെ നീന സയോവിന്റെ പൂച്ചയെ പോലെ മമ്മൂഞ്ഞ് മുരണ്ടതോന്നും ഉമ്മാക്ക് മനസ്സിലായില്ല
കമ്പ്യൂട്ടര്‍ പൂട്ടി ഉമ്മ കൊടുത്ത കട്ടന്‍ ചായയും എടുത്ത് മമ്മൂഞ്ഞ് ടിവി യുടെ മുന്‍പില്‍ വന്നിരുന്നു .
ചാനലുകള്‍ മാറിമാറി നോക്കുന്നതിനിടയിലാണ് ഏഷണിനെറ്റിലെ വാര്‍ത്ത കണ്ണില്‍ പെട്ടത് .
മമ്മൂഞ്ഞിന്റെ കണ്ണുകള്‍ വിടര്‍ന്നു ,വാര്‍ത്തയിലേക്ക് തന്നെ ശ്രദ്ധിച്ചിരുന്നു .
റോഡരുകില്‍ മഴയും വെയിലും കൊണ്ട് കിടന്ന മാനസീക രോഗിക്ക്  അത് വഴി വന്ന മനസ്സലിവ് തോന്നിയ ആരോ ഭക്ഷണം വാങ്ങി കൊടുക്കുന്നു , കൂട്ടുകാരെയും കൂട്ടി കുളിപ്പിച്ച് വസ്ത്രം ഉടുപ്പിച്ച് ആശുപത്രിയില്‍ എത്തിക്കുന്നു .കണ്ടു നിന്നവരും കേട്ടവരുമൊക്കെ അതിനു മുന്നിട്ടിറങ്ങിയ ചെറുപ്പകാരനെ അനുമോദിക്കുന്നു , അയാളിലെ നന്മയെ വാഴ്ത്തുന്നു .
മമ്മൂഞ്ഞിന്റെ തലയില്‍ ബള്‍ബ്‌ കത്തി ...
ഹുറേയ് യ് യ് ....മമ്മൂഞ്ഞ് നിന്ന നിലപ്പില്‍ ഒരു ചാട്ടം
ബഹളം കേട്ട് ഉമ്മ ഓടി വന്നു .. എന്ത്‌ര്‍ത്താണ്ടാ പഹയാ അനക്ക്..?
മറുപടി പറയാതെ കാലിയായ ഗ്ലാസ്‌ ഉമ്മാടെ കയ്യില്‍ കൊടുത്തു മമ്മൂഞ്ഞ് പുറത്തേക്കു പാഞ്ഞു .
ബൈക്ക് സ്റ്റാര്‍ട്ടാക്കി നേരെ ഓന്റെ ചങ്ങായി ബഷീറിന്റെ വീട്ടിലേക്ക് .
ബഷീറേ , ബഷീറേ ബൈക്ക് നിറുത്തന്നതിന് മുന്‍പെന്നെ മമ്മൂഞ്ഞ് നീട്ടി വിളിച്ചു  .

നാസിയ ബഷീര്‍ എന്ന അനോണി പ്രൊഫൈലില്‍ ഒലിപീര് പയ്യന്മാരുമായി 'മുഹബ്ബത്തി'നെ കുറിച്ച് പോസ്റ്റിട്ട് കളിക്കുകയായിരുന്നു ബഷീര്‍ .
മമ്മൂഞ്ഞിന്റെ അലര്‍ച്ച കേട്ട് പിന്നാക്കം മറിഞ്ഞു .
മമ്മൂഞ്ഞ് കാണാതെ ബഷീര്‍ ഒരു വിധം അനോണി മാറി സനോണിയായി .
എന്താണ്ടാ പ്രശ്നം ..മമ്മൂഞ്ഞിന്റെ തിടുക്കം കണ്ടു ബഷീര്‍ ചോദിച്ചു
യ്യ് വെക്കം വന്നാ ...
ങ്ങട്ടാണ്ടാ ...?
അതോക്കെണ്ട്...
ഉം, ഒരു ബക്കറ്റും എട്ത്തോ...
ന്തിനാണ്ടാ ...?
യ്യ് കേറ്‌....
ബക്കറ്റും കയ്യില്‍ പിടിച്ചു ബഷീര്‍ മമ്മൂഞ്ഞിന്റെ പിന്നില്‍ കയറി .
പോകുന്ന വഴിയില്‍ കാര്യങ്ങളൊക്കെ മമ്മൂഞ്ഞില്‍ നിന്നും ബഷീര്‍ മനസ്സിലാക്കി .
ആദ്യം ബഷീറിന് തീരെ പിടിച്ചില്ലെങ്കിലും ടി വി യില്‍ വരുമെന്നൊക്കെ കേട്ടപ്പോള്‍ ബഷീറും സമ്മതം മൂളി .
രണ്ടു പേരും കൂടി അങ്ങാടി മുഴുവനും കറങ്ങി ,മരുന്നിനു പോലും ഒരു മാനസീക രോഗിയെ കണ്ടു കിട്ടിയില്ല .
ഹോ .. ഇന്നലെ ന്റെ പൊരെന്റെട്ത്തു ഒരുത്തനെ ഞാന്‍ കണ്ട് ,
ഓനെ കണ്ടപ്പോളേ ഞാന്‍ മണ്ടിച്ചു . ബഷീര്‍ പറഞ്ഞു

ശേയ്താനേ, ന്ത് പണ്യാ യ്യ് ക്കാട്ട്യെ ,മമ്മൂഞ്ഞ് ഈര്‍ഷ്യയോടെ ബഷീറിനെ നോക്കി .

അനക്ക് പിരാന്തനെ കുളിപ്പിച്ച്  പോട്ടം പിടിക്കണം ന്ന് ഞാനറിഞാ ,ബഷീറിന്റെ മറുപടി .
 അത് തീരെ പിടിച്ചില്ലെങ്കിലും മമ്മൂഞ്ഞ് തിരിച്ചൊന്നും പറഞ്ഞില്ല .

ഒരു വഴീണ്ട് ...
ന്താ .. മമ്മൂഞ്ഞ് പ്രതീക്ഷയോടെ ബഷീറിനെ നോക്കി .
മ്മ്ളെ അന്ത്രുക്കാന്റെ മോന്‍ ശുജായി മൈദീന്റെ പൊരെന്റെ വാര്‍പ്പിന് കുറെ അണ്ണാച്യേള് വന്നിട്ടുണ്ട്
അയിലൊരു വാപ്പാപ്പ ണ്ട് ,ഒര് തന്ത ... അയാളെ പിടിച്ചാലോ ..?
പ്പെ നായീ ...രോഗ്യാണെങ്കിലെ ആശോത്രീ കൊണ്ടോകാന്‍ പറ്റൂ ...
അനക്ക് പോട്ടം പുടിച്ചാ പോരെ ..?
അല്ലടാ , വീഡിയോ ട്ത്ത്‌ട്ട് യു റ്റൂബുല് ടണം ,ന്നാലെ ആളോള് കാണൊള്ളൂ
ന്നാ യ്യ് ഒരിയ്‌ട്യ പറീ  ..
മമ്മൂഞ്ഞ് ഐഡിയ ഒന്നും വരാത്ത തല മാന്തി കൊണ്ടിരുന്നു .
ന്നാ അയാളെ തന്നെ നോക്കാം , ല്ലേ    -മമ്മൂഞ്ഞ്
ഉം , അതാ നല്ലത് ,   -ബഷീര്‍
ന്നാ യ്യി പോയി ചോയ്ക്ക് - മമ്മൂഞ്ഞ്
ഞാനാ...?  ഇയ്യെ ന്നെ പോയാ മതി - ബഷീര്‍

അവസാനം മമ്മൂഞ്ഞിന്റെ നിര്‍ബന്ധം സഹിക്കാതെ ബഷീര്‍ വാര്‍പ്പ് പണിക്ക് വന്ന തമിഴന്‍ മാരുടെ കൂട്ടത്തില്‍ കുഞ്ഞുങ്ങളെ നോക്കാനും മറ്റു മായി വന്ന പ്രായം ചെന്ന വൃദ്ധനെ ഒരു വിധം കൂട്ടത്തില്‍ നിന്നും പൊക്കി കൊണ്ട് വന്നു
ഡാ ... കുളിപ്പിക്കാന്നു  പറഞ്ഞപ്പോ തന്ത ഒര് പൊടിക്ക് സമ്മയ്ചീല, ഉറുപ്പ്യ അമ്പ്തു കൊടുക്കാന്നു പറഞ്ഞ്ട്ടാണ് വന്നത് ,
രണ്ടു പേരും കൂടി അങ്ങാടിയുടെ മറുവശത്തുള്ള തോടിന്റെ  ആളൊഴിഞ്ഞ ഇടത്തു വെച്ച് വൃദ്ധനെ കുളിപ്പിച്ചു , മമ്മൂഞ്ഞിന്റെ മൊബൈലില്‍ ബഷീര്‍ വീഡിയോ എടുത്തു .

രാത്രി തന്നെ മമ്മൂഞ്ഞ് യു റ്റൂബില്‍ അപ് ലോഡ്‌ ചെയ്തു , നേരത്തെ തീരുമാനിച്ച പ്രകാരം
ബഷീര്‍ പ്ലസ്സിലും , എഫ്ബി യിലും ഷയര്‍ ചെയ്തു , രോഗിയായ തമിഴ്‌ വൃദ്ധനെ സാമൂഹ്യ സേവകനായ യുവാവ് കുളിപ്പിച്ച് ഭക്ഷണം കൊടുക്കുന്നു എന്ന് ശീര്‍ഷകവും .
പിറ്റേന്ന് തന്റെ സ്ട്രീമില്‍ ലഭിക്കുന്ന ലൈക്കുകള്‍ സ്വപ്നം കണ്ടു മമ്മൂഞ്ഞ് സുഖമായുറങ്ങി ...

കള്ള ഹിമാറെ ...
രാവിലെ തന്നെ ഉമ്മയുടെ അലര്‍ച്ച കേട്ടാണ് മമ്മൂഞ്ഞ് ഞെട്ടി ഉണര്‍ന്നത് .
കണ്ണും തിരുമ്മി മുന്‍ വശത്ത് വന്നു നോക്കുമ്പോള്‍ പത്തിരുപതു അണ്ണാച്ചികള്‍ മുറ്റത്ത്.
ഇന്നലെ താന്‍ കുളിപ്പിച്ച വൃദ്ധന്‍ മുന്‍പോട്ടു വന്നു
അയ്യാ ...യെല്ലോര്‍ക്കും കുളിപ്പിക്കണം ...
ഇരുപത്തഞ്ച് രൂപാ തന്താ പോതും.....





Wednesday, January 4, 2012

രോദനം ...

സ്ത്രീയേ, നിന്നെ ഞാനെന്തു പേരിട്ടുവിളിക്കണം...

തന്നിലൂറുന്ന ചോരയെ ജീവന്റെ മുലപാലില്‍ നേദിചെന്നെയൂട്ടിയ-
അമ്മതന്‍ പേരിലോ ...
പെരുമ്പറകള്‍ മുഴങ്ങും പോര്‍തടങ്ങളില്‍
 മൃത്യുഞ്ജയനായ്‌ തിരികെയെത്താന്‍
കാന്തനായ്‌ നോയമ്പ് നോല്‍ക്കും നല്ല പാതിയോ ..
അച്ഛന്മതിയെനിക്കച്ചന്മതി എന്നുറക്കെ കരഞ്ഞെന്റെ മാറിന്‍ -
ചൂടുകൊണ്ടുമാത്രമുറങ്ങുമെന്‍ കുഞ്ഞു മകളെന്നോ....

ഇല്ല , ഇവരിലൊന്നും നിന്നെഞാന്‍ കാണുന്നില്ല ...
നിന്നെ വിളിക്കാന്‍ എനിക്കു പേരുകളില്ല ...


യുവാവിന്‍െ കൊലപാതകം: ഭാര്യയും കാമുകനും പിടിയില്‍
Published on Mon, 01/02/2012 - 09:44 ( 1 day 13 hours ago)

Thursday, December 15, 2011

യഥോ:രാജ , തഥോ:പ്രജ ....... മുല്ലപെരിയാറിനെ കുറിച്ച് തന്നെ.,

നാടെങ്ങും ബഹളമയമായിരുന്നു .. ഡാം തകര്‍ന്നാല്‍ ഉണ്ടാവുന്ന വിപത്തുകളെ പറ്റി ഭൂരിഭാഗം മലയാളികളും ഉത്കണ്ഠകുലരായിരുന്നു ..കേരള ജനതയുടെ ജീവന് സുരക്ഷിതത്വം നല്‍കാന്‍ , വേണമെങ്കില്‍
കരാര്‍ വരെ റദ്ദാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ആദ്യം പറഞ്ഞു ..
ഡാം തകര്‍ന്നാലും ഇടുക്കി ഡാമിന് മുല്ലപെരിയാറിലെ വെള്ളം സംഭരിക്കാം എന്ന് സര്‍ക്കാരിന്റെ AGപിന്നീട് പറഞ്ഞു
അത് സര്‍ക്കാരിന്റെ അഭിപ്രായമല്ല AG തന്നിഷ്ട്ടം പറഞ്ഞതാണ് എന്ന് മന്ത്രിമാര്‍ മറുപടി പറഞ്ഞെങ്കിലും
AG തെറ്റായൊന്നും പറഞ്ഞില്ല എന്ന് പിന്നീട് മാറ്റി പറഞ്ഞു
വിദഗ്ദ സമിതിയുടെ തലവനും അത് തന്നെ ആവര്‍ത്തിച്ചു
ഏറ്റവും പുതിയത് , പ്രധാനമന്ത്രി പ്രശ്നം പരിഹരിക്കാം എന്ന ഉറപ്പ്‌ കൊടുത്തിട്ടുണ്ട്‌ അതുകൊണ്ട് ഭരിക്കുന്ന പാര്‍ട്ടി ഇന്ന് മുതല്‍ എല്ലാ പ്രതിഷേധപരിപാടികളും നിര്‍ത്തിവെക്കുകയാണ് ( പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത്രി സമയം ആവശ്യപെട്ടിട്ടുണ്ട് ) എത്ര സമയം വേണമെന്ന് ചോദിക്കരുത് ,പ്ലീസ്‌ ..
കുറഞ്ഞത് ഡാം പൊട്ടും വരെയെങ്കിലും വേണ്ടി വരും
ഭരണകൂടതിന്റെ അവസ്ഥ ഇതാണെങ്കില്‍ , പൊതു ജനത്തിന്റെ കൂടി അറിയെണ്ടേ..
ഡാം അപകടാവസ്ഥയിലാണ് എന്നത് ഇന്നോ ഇന്നലെയോ ഉണ്ടായ കാര്യമല്ല .
നാമൊക്കെ ഇപ്പോഴാണ് ഈ വിഷയം സംസാരിക്കാന്‍ തുടങ്ങിയതെന്കില്‍ , ഏറ്റവും ചുരുങ്ങിയത് ആറില്‍അധികം വര്‍ഷങ്ങളായി വള്ളകടവിലെ ജനങ്ങള്‍ അവിടെ സമരത്തിലാണ് . സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ മീഡിയ കളിലൂടെയുണ്ടായ പ്രചാരണം പെട്ടെന്ന് തന്നെ മറ്റു മാധ്യമങ്ങള്‍ ഏറ്റെടുതത്തോട്കൂടിയാണ് മുല്ലപെരിയാര്‍ സമരത്തിന്‌ ഇന്ന് കാണുന്ന പോലെ ജനകീയ മുഖം കൈവന്നത്
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെങ്കിലും മുല്ലപെരിയാര്‍ ,പെട്ടെന്നുണ്ടായ ഒരു വിഷയം പോലെ പലരും പ്രതികരിക്കുന്നു
ചപ്പാതിനു അല്ലെങ്കില്‍ ഇടുക്കിക്കും അപ്പുറത്ത് കേരള ജനത മുഴുവന്‍ ഈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരം ജനമനസ്സുകളിലെക്ക് എത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയകള്‍ അതിന്റെതായ പങ്കു വഹിച്ചിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ അതെ മീഡിയകളില്‍ ഇന്ന് നടക്കുന്ന ചില ചര്‍ച്ചകള്‍ സമരത്തെ പിറകോട്ടടിക്കുമോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു
പുതിയ ഡാം പണിയണമെന്ന് ഭൂരിഭാഗം പേരും പറയുമ്പോള്‍ , ഡാം തന്നെ പാടില്ല എന്നതാണ് ചില അഭിപ്രായങ്ങള്‍ . പുതിയ ഡാം പണിതാലും ഭൂകമ്പ സാധ്യത വീണ്ടും ഉണ്ടാവില്ലേ എന്നാണു അവര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ .
പ്രശനപരിഹാരം വേണമെങ്കില്‍ യാഥാര്‍ത്യതോട് അടുത്ത് ചിന്തിക്കണമെന്നാണ് അവരോടു പറയാനുള്ളത് . കാരണം കരാര്‍ കയ്യിലിരിക്കുന്ന കാലത്തോളം മുല്ലപെരിയാരില്‍ നിന്ന് വെള്ളം ലഭിക്കാത്ത ഒരു പരിഹാര നിര്‍ദേശങ്ങളും തമിഴ്നാടിന് സ്വീകാര്യമാവുമെന്നു തോന്നുന്നില്ല . ഡാം ഡി കമ്മീഷന്‍ ചെയ്യുകയാണെങ്കില്‍ പകരം ഏകദേശം അഞ്ചു ജില്ലകള്‍ക്കുള്ള കാര്‍ഷികാവശ്യത്തിനും , മുന്നൂറ്റി അന്‍പത് ദശലക്ഷതികം മെഗാ വാട്ട് വൈദ്യുതിയും ഉല്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം നല്‍കാന്‍ നമുക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ല എന്നതാണ് സത്യം .അത് മാത്രമല്ല പുതിയ ഡാം സ്വന്തം ചിലവില്‍ പണിയാമെന്നും , ഇപ്പോള്‍ നല്‍കുന്ന അതെ അളവില്‍ തന്നെ തുടര്‍ന്നും വെള്ളം നല്‍കാംഎന്നുമുള്ള കേരളത്തിന്റെ വാഗ്ദാനം കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത തമിഴ്നാട് ഡി കമ്മീഷന്‍ എന്നവാദത്തെ എങ്ങിനെയെടുക്കും എന്ന് ചിന്തിച്ചു സമയം കളയേണ്ട . പിന്നെ നമ്മുടെ മുന്‍പിലുള്ള പോംവഴിയാണ് സുപ്രീം കോടതി . ഡാമിലെ വെള്ളത്തിന്റെ അളവ് 120 അടിയാക്കി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതിയില്‍ ദയനീയമായി പരജായപെട്ടത്‌ ഇന്നലെ നാം കണ്ടതാണല്ലോ .
തന്നെയുമല്ല ഇപ്പോള്‍ നിലവിലുള്ള 136 അടി മൈന്റൈന്‍ ചെയ്യണം എന്നാണു കോടതി ആവശ്യ പെട്ടത് . ( 142 അടിയായി കൂട്ടണം എന്ന തമിഴ്നാടിന്റെ ആവശ്യം മുന്‍പ്‌ സുപ്രീംകോടതി അന്ഗീകരിച്ചതുമാണ് )
ഡാമിന്റെ ബലക്ഷയം , ഭൂകമ്പ സാധ്യത , അതിലുമുപരി ലോകത്ത്‌ കേട്ടുകേള്‍വി ഇല്ലാത്ത 999 വര്‍ഷത്തെ കരാറിന്റെ നിയമ സാധുത എന്നിവയൊക്കെ കോടതിക്ക് മുന്‍പില്‍ ബോധ്യപെടുതാന്‍ ഇത്ര വര്‍ഷങ്ങളായിട്ടും കേരളത്തിന്‌ കഴിഞ്ഞിട്ടില്ല എന്ന് കൂടി ഓര്‍ക്കുക.ഇതാണ് നിയമപരമായ വഴിയുടെ അവസ്ഥ.

നെറ്റ് വര്‍ക്ക്‌ മീഡിയകളിലെ അടുത്ത ചര്‍ച്ചഒന്ന് കൂടി ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതാണ് , കാരണം ഡാമിന് ബലക്ഷയം ഇല്ല എന്നതാണ് ഈ വാദം.
ഇപ്പോള്‍ കാണുന്ന ബഹളങ്ങളും , പ്രതിഷേധങ്ങളും ഇന്ത്യയെ തകര്‍ക്കാന്‍ വേണ്ടിയുള്ള ച്ചിദ്രശക്തികളുടെ കെണിയാണെന്നാണ് അവിടെ വിശദീകരിക്കപെടുന്നത് .
കാശ്മീര്‍ കഴിഞ്ഞാല്‍ വിഘടനവാദത്തിനു വളകൂറുള്ള മണ്ണാണ് തമിഴ്നാടെന്നും സമര്‍ഥിക്കുന്നു . മുല്ലപെരിയാര്‍ വിഷയം സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയകളില്‍ സജീമാകുന്നത് അടുത്തകാലത്തായി സൃഷ്ട്ടിക്കപെട്ട പ്രൊഫൈലുകളില്‍ കൂടിയാണെന്നും , അതില്‍ തന്നെ ഭൂരിഭാഗം കൊച്ചി , ദുബൈ എന്നിവകേന്ദ്രീകരിച്ചാണെന്നും ഇതിനു പിന്നില്‍ ഇന്ത്യാ വിരുദ്ധ ശക്തികളാണെന്നും വരെ പറഞ്ഞു കളഞ്ഞു ...
രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ കൂട്ടത്തില്‍ ഏറ്റവും വൈകാരികമായി പ്രതികരിക്കുന്നവരെ ച്ചിദ്ര ശക്തികള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ നിസ്സാരമായി തള്ളി കളയാനാവില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം .എന്ന് വെച്ച് ഡാമിന് ബലക്ഷയമില്ല എന്ന്‍ എങ്ങിനെ പറയാന്‍ കഴിയും , പ്രത്യേകിച്ച് ചപ്പാതിലെ ജനങ്ങള്‍ വര്‍ഷങ്ങളായി ഈ വിഷയത്തില്‍ സമരത്തിലായിരുന്നു.
ഡാമിന്റെ ബലക്കുറവ് തന്നെയാണ് അവരെ സമരപാതയിലെതിച്ചത്‌.
അതുപോലെ തന്നെ മലയാളം ബ്ലോഗ്ഗര്‍മാരുടെ കൂട്ടയ്മയായബൂലോകമാണ് ഓണ്‍ലൈന്‍ രംഗത്ത് മുല്ലപെരിയാര്‍ വിഷയത്തെ സജീവമാകുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് .
മലയാള ബ്ലോഗ്ഗര്‍മാരില്‍ ശ്രദ്ധേയരായകെ പി എസ് , മനോജ്‌ രവീന്ദ്രന്‍ , ജിക്കു വര്‍ഗ്ഗീസ്‌ എന്നിവരുടെ ലേഖനങ്ങള്‍ ഇതില്‍ പ്രസക്തമായതാണ് .
ഇങ്ങിനെയൊക്കെ ആയിരുന്നിട്ടുകൂടി വിദേശതുള്ളവരുടെ പ്രൊഫൈലുകളില്‍ സംശയത്തിന്റെ വിത്തുപാകുന്നത് മിതമായി പറഞ്ഞാല്‍ നീതികരിക്കാന്‍ പറ്റാത്തതാണ് ( ഈയുള്ളവനും ദുബൈയില്‍ ആണ് )
നമുക്കിടയില്‍ തന്നെയുള്ള ഭിന്നാഭിപ്രായങ്ങള്‍ , ഇടുക്കിയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന് പകരം സമരത്തെ പിറകോട്ടടിക്കാനെ ഉപകരിക്കൂ ..
, ജനപക്ഷത്തു നില്‍ക്കേണ്ട നേതാക്കള്‍ തന്നെ രാഷ്ട്രീയമായ മൈലേജ് മാത്രം ലക്ഷ്യം വെച്ച് തിരിഞ്ഞും മറിഞ്ഞും കളിക്കുമ്പോള്‍ , നാമും പഠിച്ചതല്ലേ പാടൂ ...
ശരിക്കും ഭരണത്തിന് പറ്റിയ പ്രജകളും , പ്രജകള്‍ക്കു പറ്റിയ ഭരണവും ....

Sunday, November 20, 2011

മുല്ലപെരിയാറും ഗോവിന്ദ ചാമിയും



പൊതുവേ തമിഴ്ജനത ഏതൊരു കാര്യത്തിനും വികാരപരമായി മാത്രം  പ്രതികരിക്കുന്നവരാണ്, വിവേകം അതില്‍ കാണാറില്ല , ഉദാഹരണം മുന്‍ മുഖ്യമന്ത്രി MGR മരിച്ചപ്പോള്‍ ഒപ്പം തീകൊളുത്തിയത് കുറച്ചെണ്ണം ഒന്നുമല്ലല്ലോ ...അതുപോലെ സിനിമയില്‍ രജനികാന്ത്  മരിച്ചാല്‍ തിയേറ്റര്‍ വരെ കത്തിക്കും എന്നൊരു ചൊല്ലും ഉണ്ട് ,തീവ്രമായ ആതമിഴ് വികാരം പലപ്പോഴും രാഷ്ട്രീയക്കാര്‍ ഫലപ്രദമായി തന്നെ ഉപയോഗിക്കാറുണ്ട് , എന്നാല്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ അവിടെ രാഷ്ട്രീയ ചേരി തിരിവില്ല .ആര് ഭരിച്ചാലും ഈ വിഷയത്തില്‍ തമിഴ്‌ വികാരം പരമാവധി ആളി കത്തിക്കാനാണ് ശ്രമിക്കാറ്. ഈ ഒരു കോണില്‍ നിന്നുവേണം തമിഴ് ദിനപത്രമായ ദിനമലരിന്റെ  ഗോവിന്ദ ചാമി പ്രേമം നോക്കികാണാന്‍...

ഇവിടെ മലയാളി തമിഴനില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട പാഠവും അതാണ്‌ ..,
എന്നുവെച്ചാല്‍ സംസ്ഥാനത്തിന് ഗുണകരാമായ രീതിയില്‍ തമിഴ് വികാരം കത്തിക്കാന്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ അവര്‍ക്ക്   കഴിയുന്നു ..
എം ഡി എം കെ  നേതാവ് വൈക്കോ യുടെ ഈ വിഷയത്തിലുള്ള തീവ്ര നിലപാടുകള്‍ നമുക്കറിയാം , മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കുന്നതുവരെ കേരളത്തിലേക്ക് പച്ചക്കറികളും കോഴിയും പാലും അടക്കമുള്ള ചരക്കു നീക്കം തടയണമെന്നാണ് വൈക്കോ പറയുന്നത് , ആ വിഷയത്തിലും മലയാളി പഠിക്കേണ്ടതുണ്ട് .കാര്‍ഷിക വൃത്തിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയും ,ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹീതമായ ദൈവത്തിന്റെ സ്വന്തംനാട് ,പൂര്‍ണ്ണമായും ഒരു ഉഭഭോഗ സംസ്ഥാനമാക്കിയത്തിനു നാം ഇത്രയൊന്നും അനുഭവിച്ചാല്‍ പോര .
എന്തിനും ഏതിനും സമരവും പ്രതിഷേധവും നടത്തുന്ന മലയാളികള്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ വേണ്ടത്ര ബോധാവാനല്ല എന്ന് കരുതേണ്ടിയിരിക്കുന്നു 
ലോകത്തെങ്ങും കേട്ടുകേള്‍വി  പോലുമില്ലാത്ത ഒരുകരാറിന്റെ പേരില്‍ ഒരു സംസ്ഥാനം നമ്മെ ഭീഷണിപെടുത്തി കാര്യം നേടുമ്പോള്‍ ,നമുക്ക് ഉണ്ടായേക്കാവുന്ന ഭാവിഷ്യതുക്കളെകുറിച്ചെങ്കിലും  ഓര്‍ത്തിരിക്കുന്നത് നന്ന്  .തമിഴ്നാട് വെള്ളം കൊണ്ട് പോകുന്നതിനെ കുറിച്ചല്ല നമുക്ക് വേവലാതിപെടെണ്ടത്, കാര്‍ഷികവൃത്തി  വലിച്ചെറിഞ്ഞ ഒരു ജനതക്ക് വെള്ളം വേണ്ടങ്കിലും അത് വേണ്ടവര്‍ കൊണ്ട് പൊയ്ക്കോട്ടേ , എന്നാല്‍ മുല്ലപെരിയാര്‍ ഈ വിധത്തില്‍ നിലനിന്നാല്‍ കേരളത്തിലെ ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ്. ചുണ്ണാമ്പും,സുര്‍ക്കിയും  ചേര്‍ന്ന്   നിര്‍മ്മിച്ച ഈ ഡാമിനും സമാനമായ ഡാമുകള്‍ക്കും   വിദഗ്ദര്‍ പറയുന്ന ആയുസ്സ് 50 വര്‍ഷമാണെങ്കില്‍ മുല്ലപെരിയാര്‍ ഡാമിന്റെ പ്രായം  116  കഴിഞ്ഞു 

ഡാം തകര്‍ന്നാല്‍  .ഇടുക്കിയോടു ചേര്‍ന്നു നില്ക്കുന്ന മൂന്നു ജില്ലകള്‍ മുഴുവന്‍ വെള്ളത്തിലാകും എന്ന് വിദഗ്ധര്‍പറയുന്നു  .ഭീഷണി മറ്റുജില്ലകള്‍കില്ല   എന്നാശ്വസിക്കേണ്ട , ഡാം തകര്‍ന്നാല്‍ കുത്തിയൊഴുകുന്ന വെള്ളം ഇടുക്കി ഡാമിനെ കൂടി തകര്‍ക്കും . കേരളം മുഴുവന്‍ ഇരുട്ടിലാകും 

യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന  നാഷനഷ്ട്ടങ്ങള്‍ ഊഹിക്കാന്‍ പോലും കഴിയില്ല .വിഷയത്തിന്റെ ഗൌരവം ഇനിയെങ്കിലും നാം മനസ്സിലാകണം ,പ്രത്യേകിച്ച് ഇന്നലെ ഇടുക്കിയിലും മുല്ലപെരിയാര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ ഉണ്ടായ ഭൂകമ്പവും കൂടി കണക്കിലെടുമ്പോള്‍ .







ഡാമിന്റെ ബലക്ഷയം എന്നത്    തമിഴ്നാടിന് വെള്ളം കൊടുക്കാതിരിക്കാന്‍ കേരളം മനപ്പൂര്‍വ്വം പറയുന്നതാണ്  എന്നാണ് തമിഴ്‌ ജനത കരുതുന്നത്, അതിന്റെ പ്രതിധ്വനിയാണ് ദിനമലരില്‍ നാം കണ്ടത് ,
കേരളം മുഴുവന്‍ കരഞ്ഞ ദാരുണ സംഭവമാണ് ഷൊര്‍ണൂരിലെ സൗമ്യവധം ,ഓടുന്ന ട്രെയിനില്‍ നിന്ന്  പുറത്തേക്ക് തള്ളിയിട്ട്‌ തലയോട് തകര്‍ന്ന  പാവം പെണ്‍കുട്ടിയെ കുറ്റികാട്ടിലേക്ക്  വലിച്ചിഴച്ചുകൊണ്ട് പോയി ബലാല്‍സംഗം ചെയ്തു  കൊന്ന ക്രൂരന് വധശിക്ഷയില്‍ കുറഞ്ഞതൊന്നും ഒരു കോടതിയും നല്‍കില്ല എന്നിരിക്കെ ,ഗോവിന്ദ ചാമിക്ക്‌ കേരള കോടതി വിധിച്ച വധ ശിക്ഷയെ മുല്ലപെരിയാറുമായികൂട്ടികെട്ടാനുള്ള വിലകുറഞ്ഞ രാഷ്‌ട്രീയത്തെ കേരള ഭരണകൂടം എങ്ങിനെ പ്രതിരോധിക്കും എന്നത് കാത്തിരുന്നു കാണണം .


 ഇവിടെയാണ്‌ മലയാളികള്‍ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് 
പ്രധാനമായും നാം ചെയ്യേണ്ടത് തമിഴ് ജനതയെ മുല്ലപെരിയാരിന്റെ ഇന്നത്തെ അവസ്ഥയും , ഡാം  തകര്‍ന്നാല്‍ കേരളത്തിനു സംഭവിക്കുന്ന ഭീകരമായ വിപത്തിനെയും കുറിച്ച് സാധ്യമായരീതിയിലുള്ള ബോധവല്‍ക്കരണമാണ് , ദിനമലര്‍ പോലെയുള്ള മാധ്യമങ്ങളും രാഷ്ട്രീക്കാരും പറയുന്നത് മാത്രം വിശ്വസിക്കുന്ന ഒരു ജനതയോട്‌ അതത്ര എളുപ്പമുള്ള കാര്യമല്ല എന്നിരുന്നാലും , ദേശീയ മീഡിയകളിലൂടെ സാധ്യമായ പ്രവര്‍ത്തനം  ഗവര്‍മെന്റ് തലത്തില്‍  തന്നെ നടത്തപെടേണ്ടതുണ്ട് .
അതിനേക്കാളൊക്കെ പ്രധാനം ഏറ്റവും ചുരുങ്ങിയത് മുഴുവന്‍ മലയാളികളെങ്കിലും ഇതിന്റെ  ഭവിഷ്യത്തിനെ കുറിച്ച് മനസിലാക്കുകയും , സോഷ്യല്‍ മീഡിയകളുടെ സാധ്യതകള്‍ ഉപയോഗപെടുത്തിയുള്ള പ്രചരണവും നടത്തലാണ്  , അതുവഴി കേരളം മുഴുവന്‍ ഇളകി മറിയട്ടെ, എങ്ങും പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉയരട്ടെ ,ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെയും കേന്ദ്ര ഭരണകൂടത്തെയും പിടിച്ചു കുലുക്കുമാറ്‌ മലയാളം ശബ്ദിക്കട്ടെ,  എങ്കില്‍ മാത്രമേ മുല്ലപെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‌ നീതി ലഭിക്കുകയുള്ളൂ ...അല്ലെങ്കില്‍  സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കാന്‍ കേരളത്തിലെ മൂന്നു തെക്കന്‍ ജില്ലകള്‍ ഉണ്ടായികൊള്ളണമെന്നില്ല ....


കണ്ണു തുറക്കൂ മലയാളമേ ...നമ്മുടെ കണ്ണുകള്‍ അടയും മുന്‍പ്‌ ...

Friday, September 9, 2011

ചിതറിയ ചിന്തകള്‍ ...


“മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ.. ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും ,
കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം
 കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല ...’’

എല്ലാവര്‍ക്കും സുപരിചിതമായ  പദ്യഭാഗങ്ങള്‍  
മഹാബലി എന്ന  ചക്രവര്‍ത്തി പണ്ട് കേരള നാടു   ഭരിച്ചിരുന്നപ്പോള്‍ നാട്ടില്‍ നിലവിലുണ്ടായിരുന്ന സമാധാനവും സമൃദ്ധി യുമൊക്കെ ആണ് പദ്യത്തിലൂടെ അവതരിപ്പിക്കുന്നത്‌,  അപ്പോള്‍  ഒരു സംശയം, ഇത്രയും നല്ലവനായ ഒരു ഭരണാധികാരിയെ എന്തിനാണ് ഒരു കാര്യവുമില്ലാതെ  വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്?.മഹാബലി വാമനനോട് ഒരു നീതികേടും കാണിച്ചിട്ടില്ല എന്ന് മാത്രമല്ല ജനങ്ങള്‍ക്കെല്ലാം നീതിമാനായ ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം
ഓണത്തിന്‍റെ ഐതിഹ്യം  വായിച്ചപ്പോള്‍  വെറുതെ വന്ന ഒരു സംശയമാണെങ്കിലും പ്രസക്തമാണെന്നു തോന്നിയതുകൊണ്ടാണ് ഇവിടെ പകര്‍ത്തുന്നത്  .   ഭൂമിയില്‍ ഒരു അസുര രാജാവിന്‍റെ സല്‍ഭരണത്തിലും ഐശ്വര്യത്തിലും അസൂയാലുക്കളായ ദേവന്മാര്‍മഹാവിഷ്ണുവിനോട്  പരാതി പറയുകയും ,വാമനനായി അവതാരമെടുത്ത വിഷ്ണു മഹാബലിയുടെ മുന്‍പില്‍ ഭിക്ഷുവായി വരികയും മൂന്നു അടി മണ്ണ് ദാനം ചോതിക്കുകയും രണ്ടു അടി കൊണ്ട് ആകാശവും ഭൂമിയും അളന്നു കഴിഞ്ഞ വാമനനു മൂന്നാമത്തെ അടിക്കായി തന്‍റെ ശിരസ്സ്‌ കാണിച്ചു കൊടുത്ത മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്നുമാണ് ഐതിഹ്യം. അപ്പോള്‍ വീണ്ടും  കണ്ഫ്യുഷന്‍ നല്ലവനായ ഒരു ഭരണാധികാരിയോട് ദേവന്മാര്‍ക്കെന്തിനാ അസൂയ..? അതിലും വലിയ കണ്ഫ്യുഷനാണ്, വിഷ്ണുവിന്‍റെ ദശാവതാര  ചക്രത്തില്‍ വാമനനും ശേഷമാണ് പരശുരാമന്‍ അവതരിക്കുന്നത്,ഈ പരശുരാമനാണ് മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കുന്നത്‌ .അപ്പോള്‍ അതിനു മുന്‍പ്‌ ഇല്ലാതിരുന്ന കേരളം എങ്ങിനെയാണ് മഹാബലി ഭരിക്കുന്നത്‌..? ആ മഹാബലിയെ ചവിട്ടി താഴ്ത്താന്‍ മാത്രമായിട്ടാണല്ലോ  വാമനന്‍ അവതരിക്കുന്നത്,
ആകെ മൊത്തം ടോട്ടല്‍  കണ്ഫ്യുഷന്‍ ...
എന്തായാലും കണ്ഫ്യുഷന്‍ ഇല്ലാത്ത എല്ലാവര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍...     

Friday, August 5, 2011

നോമ്പുകാല ഓര്‍മ്മകള്‍



ആദ്യമായി നോമ്പെടുത്തു തുടങ്ങിയത് എന്നാണൊന്നും ഓര്‍മ്മയില്ല
കുട്ടിക്കാലത്ത്നോമ്പ് എടുക്കുക എന്നത്  അത്ര കാര്യമായിഎടുത്തിട്ടില്ലായിരുന്നു .
എന്തായാലും മുഴുവന്‍നോമ്പും എടുത്ത്‌ തുടങ്ങിയത്  കുറെ കൂടി മുതിര്‍ന്ന തിനു (ഏകദേശം പത്താം ക്ലാസ്സ്‌ ) ശേഷം തന്നെയാണ് . നോമ്പെടുത്തു തുടങ്ങിയ ശേഷം ഒരുപാട് നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.രസകരമായ പല സംഭവങ്ങളും ഓര്‍മ്മയിലുണ്ട് . .ഞങ്ങളുടെ അടുത്തുള്ള (പണ്ടത്തെ കടപ്പായി ഇന്നത്തെ തെക്കെക്കാട്‌) ചെറിയ നിസ്ക്കാര പള്ളിയില്‍ എല്ലാവരും കൂടും ,
കാരണം അവിടെ എല്ലാദിവസവും (നോമ്പുമാസം മുഴുവനും) നല്ല “ഫുഡ്‌’   ആയിരിക്കും  ഓരോ ദിവസവും ഓരോ വീട്ടുകാര്‍ സ്പോണ്സര്‍ ചെയ്യും.... 
  ഫുഡ്‌ അടി ഒരു   മല്‍സരമായി എടുത്തിട്ടുള്ള  എന്റെ  ഒരുപാടുകൂട്ടുകാര്‍ ഉണ്ട് .അവരില്‍   പ്രധാനികള്‍ ആണ്  മുജീബും അലിയും. രണ്ടുപേരും നല്ല    ഫുഡിസ്റ്റുകള്‍  ആണ്.മുജീബ്‌ ഒരു ദിവസം  12 പൊറോട്ട തിന്നാല്‍ അലി പിറ്റേന്ന്13 എണ്ണം അടിക്കും. തീരെ മോശമല്ലാത്ത ഒരുസ്ഥാനം ശംസുവിനും ഉണ്ട്.അദ്ദേഹത്തെ പറ്റിയ്യാണ്   ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത്, ടിയാന്‍  എന്റെ  കസിന്‍  ബ്രദര്‍ ആണ് .എന്ന് വെച്ചാല്‍ എന്റെ കുഞ്ഞമ്മായിയുടെ മകന്‍.. ചെറുപ്പത്തില്‍ എല്ലാ തരികിടയും  കൈയിലുള്ള ആളായിരുന്നു ( ഇപ്പോള്‍ മൂന്ന് മക്കളുടെ പിതാവ്, )
നോമ്പെടുക്കുന്ന കാര്യത്തില്‍ പുള്ളിക്ക് അത്ര വലിയ പ്രിയം ഒന്നുംഇല്ലായിരുന്നു (ഇപ്പോള്‍ ഉണ്ട് കേട്ടോ ) കുഞ്ഞമ്മായി ആണെങ്കില്‍ ഇവന്‍  നോമ്പെടുക്കാന്‍  വേണ്ടിഅവന്‍റെ എല്ലാ ഡിമാണ്ടുകളും അംഗീകരിക്കും .അന്നൊക്കെ ഹോര്‍ലിക്ക്സ് ആണ് ഏറ്റവും മുന്തിയ പോഷക പാനീയം. ഷംസുവിന് നോമ്പുനോക്കണമെങ്കില്‍ ഹോര്‍ലിക്ക്സ് നിര്‍ബന്ധമാണ് .അത്താഴത്തിനാണെങ്കില്‍ ഓംലെറ്റ്‌ കൂടിയേതീരൂ .പാവം കുഞ്ഞമ്മായി ,അവര്‍ ഇവനുവേണ്ടി  പാതിരാവില്‍ എണീറ്റ്‌ എല്ലാ വിഭവങ്ങളും ഉണ്ടാക്കി കൊടുക്കും ,അങ്ങിനെ ഷംസുവിന്റെ നോമ്പ്‌ വളരെ സന്തോഷത്തോടെ മുന്നോട്ട് പോയി കൊണ്ടിരുന്നു. മറ്റുള്ളവര്‍ നോമ്പിന്റെ ക്ഷീണത്തില്‍ നടക്കുമ്പോഴും ഷംസു നല്ല ഉഷാറിലായിരുന്നു. അങ്ങിനെ ഇരിക്കെ , ഒരു ദിവസം ഞാനും അവനും കൂടി ഞങ്ങളുടെ സ്വന്തം “സിറ്റിയായ” വട്ടംപാടം  സെന്‍ററില്‍ എന്തോ ആവശ്യത്തിന് പോയിരുന്നു.
തിരിച്ചു  വരുമ്പോള്‍ വട്ടംപാടത്തെ ഫൈമസ് ആയ പ്രിയ ഹോട്ടല്‍സിന്റെ
മുന്നില്‍  എത്തിയപോള്‍ കടയുടമ കാര്‍ത്തികേയന്‍  ചേട്ടന്‍ ചാടിയിറങ്ങി
ഷംസൂ ,പറ്റുതീര്‍ക്കുന്നില്ലേ എന്ന് വിളിച്ചു ചോതിക്കുന്നുണ്ട് ,ഇവനാണെങ്കില്‍ ഞാന്‍ അറിഞ്ഞാലോ എന്ന് ഭയന്ന് ഒന്നുംഅറിയാത്തപോലെ മുന്നോട്ട്‌ പോകുക തന്നെയാണ് .സംഭവം എന്താണെന്നു  അറിയാന്‍ ഞാനും തീരുമാനിച്ചു.അപോഴല്ലേ സംഗതിയുടെ ഗുട്ടന്‍സ്‌ പിടികിട്ടുന്നത് .
ഇവന്‍ എല്ലാ ദിവസവും നോമ്പെടുക്കും,ഉച്ചക്കും രാവിലെയും   ഹോട്ടലില്‍കയറി ഫുഡും അടിക്കും. അങ്ങിനെ വന്നപൈസയുടെ കണക്കാണ് കാര്‍ത്തികേയന്‍    ചേട്ടന്‍ വിളിച്ചു ചോതിച്ചത്. പിന്നെ എന്റെ കയ്യിലല്ലേ കിട്ടിയത് ,കിട്ടിയ അവസരം ഞാന്‍ പാഴാക്കിയില്ല,നേരെ വന്നു കൂട്ടുകാരോടൊക്കെ പറഞ്ഞു, കൂടുതല്‍ ആരോടും പറയേണ്ടി വന്നില്ല റസാക്കിനോട് മാത്രം പറഞ്ഞാല്‍ പോരെ, ബാക്കി അവന്‍ നോക്കിക്കോളും
പിന്നത്തെ കാര്യം പറയേണ്ടല്ലോ ഷംസുവിനെ അവര്‍ എല്ലാവരും കൂടി പൊരിച്ചു. പക്ഷേ കുഞ്ഞമ്മായിയോടു മാത്രം ഇത് പറഞ്ഞില്ല. പാവം അവര്‍ പിറ്റേ ദിവസവും ഇവന്നു വേണ്ടി മുട്ടയും ഹോര്‍ലിക്ക്സും ഉണ്ടാക്കിയിരിക്കാം...








പഥികൻ

നിങ്ങൾ മെനഞ്ഞെടുത്ത അപസർപ്പക കഥയിലെ വില്ലനോ നായകനോ അല്ല ഞാൻ പാഥേയം നഷ്ട്ടപെട്ട ഒരു പഥികൻ മാത്രം, കളഞ്ഞുപോയ എൻ്റെ പൊതി ചോറ് ഞാനൊന്ന് തിരഞ്ഞോട...