Sunday, November 20, 2011

മുല്ലപെരിയാറും ഗോവിന്ദ ചാമിയും



പൊതുവേ തമിഴ്ജനത ഏതൊരു കാര്യത്തിനും വികാരപരമായി മാത്രം  പ്രതികരിക്കുന്നവരാണ്, വിവേകം അതില്‍ കാണാറില്ല , ഉദാഹരണം മുന്‍ മുഖ്യമന്ത്രി MGR മരിച്ചപ്പോള്‍ ഒപ്പം തീകൊളുത്തിയത് കുറച്ചെണ്ണം ഒന്നുമല്ലല്ലോ ...അതുപോലെ സിനിമയില്‍ രജനികാന്ത്  മരിച്ചാല്‍ തിയേറ്റര്‍ വരെ കത്തിക്കും എന്നൊരു ചൊല്ലും ഉണ്ട് ,തീവ്രമായ ആതമിഴ് വികാരം പലപ്പോഴും രാഷ്ട്രീയക്കാര്‍ ഫലപ്രദമായി തന്നെ ഉപയോഗിക്കാറുണ്ട് , എന്നാല്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ അവിടെ രാഷ്ട്രീയ ചേരി തിരിവില്ല .ആര് ഭരിച്ചാലും ഈ വിഷയത്തില്‍ തമിഴ്‌ വികാരം പരമാവധി ആളി കത്തിക്കാനാണ് ശ്രമിക്കാറ്. ഈ ഒരു കോണില്‍ നിന്നുവേണം തമിഴ് ദിനപത്രമായ ദിനമലരിന്റെ  ഗോവിന്ദ ചാമി പ്രേമം നോക്കികാണാന്‍...

ഇവിടെ മലയാളി തമിഴനില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട പാഠവും അതാണ്‌ ..,
എന്നുവെച്ചാല്‍ സംസ്ഥാനത്തിന് ഗുണകരാമായ രീതിയില്‍ തമിഴ് വികാരം കത്തിക്കാന്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ അവര്‍ക്ക്   കഴിയുന്നു ..
എം ഡി എം കെ  നേതാവ് വൈക്കോ യുടെ ഈ വിഷയത്തിലുള്ള തീവ്ര നിലപാടുകള്‍ നമുക്കറിയാം , മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കുന്നതുവരെ കേരളത്തിലേക്ക് പച്ചക്കറികളും കോഴിയും പാലും അടക്കമുള്ള ചരക്കു നീക്കം തടയണമെന്നാണ് വൈക്കോ പറയുന്നത് , ആ വിഷയത്തിലും മലയാളി പഠിക്കേണ്ടതുണ്ട് .കാര്‍ഷിക വൃത്തിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയും ,ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹീതമായ ദൈവത്തിന്റെ സ്വന്തംനാട് ,പൂര്‍ണ്ണമായും ഒരു ഉഭഭോഗ സംസ്ഥാനമാക്കിയത്തിനു നാം ഇത്രയൊന്നും അനുഭവിച്ചാല്‍ പോര .
എന്തിനും ഏതിനും സമരവും പ്രതിഷേധവും നടത്തുന്ന മലയാളികള്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ വേണ്ടത്ര ബോധാവാനല്ല എന്ന് കരുതേണ്ടിയിരിക്കുന്നു 
ലോകത്തെങ്ങും കേട്ടുകേള്‍വി  പോലുമില്ലാത്ത ഒരുകരാറിന്റെ പേരില്‍ ഒരു സംസ്ഥാനം നമ്മെ ഭീഷണിപെടുത്തി കാര്യം നേടുമ്പോള്‍ ,നമുക്ക് ഉണ്ടായേക്കാവുന്ന ഭാവിഷ്യതുക്കളെകുറിച്ചെങ്കിലും  ഓര്‍ത്തിരിക്കുന്നത് നന്ന്  .തമിഴ്നാട് വെള്ളം കൊണ്ട് പോകുന്നതിനെ കുറിച്ചല്ല നമുക്ക് വേവലാതിപെടെണ്ടത്, കാര്‍ഷികവൃത്തി  വലിച്ചെറിഞ്ഞ ഒരു ജനതക്ക് വെള്ളം വേണ്ടങ്കിലും അത് വേണ്ടവര്‍ കൊണ്ട് പൊയ്ക്കോട്ടേ , എന്നാല്‍ മുല്ലപെരിയാര്‍ ഈ വിധത്തില്‍ നിലനിന്നാല്‍ കേരളത്തിലെ ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ്. ചുണ്ണാമ്പും,സുര്‍ക്കിയും  ചേര്‍ന്ന്   നിര്‍മ്മിച്ച ഈ ഡാമിനും സമാനമായ ഡാമുകള്‍ക്കും   വിദഗ്ദര്‍ പറയുന്ന ആയുസ്സ് 50 വര്‍ഷമാണെങ്കില്‍ മുല്ലപെരിയാര്‍ ഡാമിന്റെ പ്രായം  116  കഴിഞ്ഞു 

ഡാം തകര്‍ന്നാല്‍  .ഇടുക്കിയോടു ചേര്‍ന്നു നില്ക്കുന്ന മൂന്നു ജില്ലകള്‍ മുഴുവന്‍ വെള്ളത്തിലാകും എന്ന് വിദഗ്ധര്‍പറയുന്നു  .ഭീഷണി മറ്റുജില്ലകള്‍കില്ല   എന്നാശ്വസിക്കേണ്ട , ഡാം തകര്‍ന്നാല്‍ കുത്തിയൊഴുകുന്ന വെള്ളം ഇടുക്കി ഡാമിനെ കൂടി തകര്‍ക്കും . കേരളം മുഴുവന്‍ ഇരുട്ടിലാകും 

യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന  നാഷനഷ്ട്ടങ്ങള്‍ ഊഹിക്കാന്‍ പോലും കഴിയില്ല .വിഷയത്തിന്റെ ഗൌരവം ഇനിയെങ്കിലും നാം മനസ്സിലാകണം ,പ്രത്യേകിച്ച് ഇന്നലെ ഇടുക്കിയിലും മുല്ലപെരിയാര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ ഉണ്ടായ ഭൂകമ്പവും കൂടി കണക്കിലെടുമ്പോള്‍ .







ഡാമിന്റെ ബലക്ഷയം എന്നത്    തമിഴ്നാടിന് വെള്ളം കൊടുക്കാതിരിക്കാന്‍ കേരളം മനപ്പൂര്‍വ്വം പറയുന്നതാണ്  എന്നാണ് തമിഴ്‌ ജനത കരുതുന്നത്, അതിന്റെ പ്രതിധ്വനിയാണ് ദിനമലരില്‍ നാം കണ്ടത് ,
കേരളം മുഴുവന്‍ കരഞ്ഞ ദാരുണ സംഭവമാണ് ഷൊര്‍ണൂരിലെ സൗമ്യവധം ,ഓടുന്ന ട്രെയിനില്‍ നിന്ന്  പുറത്തേക്ക് തള്ളിയിട്ട്‌ തലയോട് തകര്‍ന്ന  പാവം പെണ്‍കുട്ടിയെ കുറ്റികാട്ടിലേക്ക്  വലിച്ചിഴച്ചുകൊണ്ട് പോയി ബലാല്‍സംഗം ചെയ്തു  കൊന്ന ക്രൂരന് വധശിക്ഷയില്‍ കുറഞ്ഞതൊന്നും ഒരു കോടതിയും നല്‍കില്ല എന്നിരിക്കെ ,ഗോവിന്ദ ചാമിക്ക്‌ കേരള കോടതി വിധിച്ച വധ ശിക്ഷയെ മുല്ലപെരിയാറുമായികൂട്ടികെട്ടാനുള്ള വിലകുറഞ്ഞ രാഷ്‌ട്രീയത്തെ കേരള ഭരണകൂടം എങ്ങിനെ പ്രതിരോധിക്കും എന്നത് കാത്തിരുന്നു കാണണം .


 ഇവിടെയാണ്‌ മലയാളികള്‍ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് 
പ്രധാനമായും നാം ചെയ്യേണ്ടത് തമിഴ് ജനതയെ മുല്ലപെരിയാരിന്റെ ഇന്നത്തെ അവസ്ഥയും , ഡാം  തകര്‍ന്നാല്‍ കേരളത്തിനു സംഭവിക്കുന്ന ഭീകരമായ വിപത്തിനെയും കുറിച്ച് സാധ്യമായരീതിയിലുള്ള ബോധവല്‍ക്കരണമാണ് , ദിനമലര്‍ പോലെയുള്ള മാധ്യമങ്ങളും രാഷ്ട്രീക്കാരും പറയുന്നത് മാത്രം വിശ്വസിക്കുന്ന ഒരു ജനതയോട്‌ അതത്ര എളുപ്പമുള്ള കാര്യമല്ല എന്നിരുന്നാലും , ദേശീയ മീഡിയകളിലൂടെ സാധ്യമായ പ്രവര്‍ത്തനം  ഗവര്‍മെന്റ് തലത്തില്‍  തന്നെ നടത്തപെടേണ്ടതുണ്ട് .
അതിനേക്കാളൊക്കെ പ്രധാനം ഏറ്റവും ചുരുങ്ങിയത് മുഴുവന്‍ മലയാളികളെങ്കിലും ഇതിന്റെ  ഭവിഷ്യത്തിനെ കുറിച്ച് മനസിലാക്കുകയും , സോഷ്യല്‍ മീഡിയകളുടെ സാധ്യതകള്‍ ഉപയോഗപെടുത്തിയുള്ള പ്രചരണവും നടത്തലാണ്  , അതുവഴി കേരളം മുഴുവന്‍ ഇളകി മറിയട്ടെ, എങ്ങും പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉയരട്ടെ ,ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെയും കേന്ദ്ര ഭരണകൂടത്തെയും പിടിച്ചു കുലുക്കുമാറ്‌ മലയാളം ശബ്ദിക്കട്ടെ,  എങ്കില്‍ മാത്രമേ മുല്ലപെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‌ നീതി ലഭിക്കുകയുള്ളൂ ...അല്ലെങ്കില്‍  സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കാന്‍ കേരളത്തിലെ മൂന്നു തെക്കന്‍ ജില്ലകള്‍ ഉണ്ടായികൊള്ളണമെന്നില്ല ....


കണ്ണു തുറക്കൂ മലയാളമേ ...നമ്മുടെ കണ്ണുകള്‍ അടയും മുന്‍പ്‌ ...

15 comments:

  1. കേരളം മുഴുവന്‍ ഇളകി മറിയട്ടെ, എങ്ങും പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉയരട്ടെ ,ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെയും കേന്ദ്ര ഭരണകൂടത്തെയും പിടിച്ചു കുലുക്കുമാറ്‌ മലയാളം ശബ്ദിക്കട്ടെ,

    ReplyDelete
  2. ഈ റിപ്പോര്‍ട്ട് പത്രത്തില്‍ വായിച്ചെങ്കിലും ദിനമലരിന്റെ ലിങ്ക് കിട്ടിയിട്ടില്ലായിരുന്നു. ഇവിടെ ലിങ്ക് കൊടുത്തത് നന്നായി. വളരെ വൃത്തികെട്ട ഒരു ലേഖനമാണ്, പ്രത്യേകലേഖകന്‍ എന്ന പേരില്‍ ദിനമലരില്‍ എഴുതിയിരിക്കുന്നത്. ആശ്വാസമെന്തെന്നാല്‍ ആ ലേഖനത്തിന് ഇതിനകം 642 വായനക്കാര്‍ അവിടെ അഭിപ്രായം എഴുതിയിട്ടുണ്ട്. എല്ല്ലാം വായിച്ചിട്ടില്ല. വായിച്ചെടുത്തോളം എല്ലാവരും ദിനമലരിനെ ആ ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പ്രതിക്ഷേധം രേഖപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ആരും ലേഖനത്തെ ന്യായീകരിച്ചു കണ്ടില്ല.

    ReplyDelete
  3. ഒരു കമന്റ് ഞാന്‍ തര്‍ജ്ജമ ചെയ്യാം. കമന്റ് തമിഴില്‍ താഴെ:

    “மாற்று திறனாளி என்பதற்காகவும், தாழ்த்தப்பட்ட இனம் என்பதற்காகவும் ஒரு பெண்ணை கொடூரமாக கற்பழித்து கொலை செய்தவனுக்காக தமிழர்கள் போராட வேண்டுமானால் தமிழ் சமுதாயம் வாழ்வதை விட சாவதே மேல். எதற்காக இந்த நிருபர் இவ்வாறு விமர்சித்திருக்கிறார் என்றே புரியவில்லை. தயவுசெய்து கேரளா,தமிழ்நாடு என்று இனக்கலவரத்தை தூண்டி விடாதீர்கள். என் தங்கை கேரளாவில் இருந்தால் என்ன? தமிழ் நாட்டில் இருந்தால் என்ன? அவள் உணர்வும் உயிரும் உள்ள பெண். அவள் குடும்பம் அங்கே அழுது கொண்டு தானே இருக்கிறது. யோசியுங்கள் உங்கள் தவறை திருத்தி கொள்ளுங்கள்.”

    “വികലാംഗനും താഴ്ന്ന ജാതിക്കാരനും എന്നതിന്റെ പേരില്‍, ഒരു പെണ്ണിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവന് വേണ്ടി തമിഴര്‍ പോരാടണമെങ്കില്‍ തമിഴ് സമുദായം ജീവിയ്ക്കുന്നതിനേക്കാളും മരിക്കുന്നതാണ് നല്ലത്. എന്തിനാണ് ഈ ലേഖകന്‍ ഇങ്ങനെ വിമര്‍ശിച്ചിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ദയവ് ചെയ്ത് തമിഴ്നാട്-കേരള ജനങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങളെ ഉണ്ടാക്കാതിരിക്കുക. എന്റെ അനുജത്തി കേരളത്തില്‍ ഇരുന്നാല്‍ എന്ത്, തമിഴ്നാട്ടില്‍ ഇരുന്നാല്‍ എന്ത്? അവള്‍ ജീവനും ഉണര്‍വ്വും ഉള്ള പെണ്ണ് അല്ലെ. അവളുടെ (സൌമ്യയുടെ എന്ന് വിവക്ഷ) കുടുംബം അവിടെ കരഞ്ഞുകൊണ്ടല്ല്ലെ ഇരിക്കുന്നത്. ചിന്തിക്കുക, നിങ്ങളുടെ തെറ്റ് തിരുത്തുക.”

    ReplyDelete
  4. "എന്തിനും ഏതിനും സമരവും പ്രതിഷേതവും നടത്തുന്ന മലയാളികൾ മുല്ലപ്പെരിയാർ വിഷയത്തിൽ വേണ്ടത്ര ബോധവാനല്ല എന്ന് കരുതേണ്ടിയിരിക്കുന്നൂ" എന്ന വരികൾ ആണു് ചിലതുകൂടി എഴുതുവാൻ എന്നെയും പ്രേരിപ്പിച്ചത്‌. "കേരളം എന്നു കേട്ടാൽ തിളക്കണം ചോര നമുക്ക്‌ ഞരമ്പുകളിൽ" എന്ന് എൽ പി സ്കൂളിൽ പഠിച്ച്‌ മലയാളിക്ക്‌ കേരളത്തിലെ സർക്കാരുകളിൽ നിന്നും ലഭിക്കുന്ന് നീതിയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ. അൻപതി അഞ്ചു വയസ്സുവരെ ജോലിചെയ്തിട്ട്‌ അതിന്റെ പെൻഷൻ ലഭിക്കാൻ പെടുന്ന പാടുകളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? വികസ്സനത്തിന്റെപേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ വർഷങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം പോയിട്ട്‌ കിടപ്പാടം പോലും ഇല്ലാതെ രോഗികളായ മാതാപിതാക്കളും കുട്ടികളും ഒക്കയായി എങ്ങനെ കഴിയുന്നൂ എന്ന് കണ്ടിട്ടുണ്ടോ? രണ്ടു രൂപക്കും ഒരു രൂപക്കും കൊടുക്കുന്ന പുഴുത്ത പശയരികൊണ്ട്‌ ആർക്കെങ്കിലും മനസ്സിൽപ്പിടിച്ച്‌ ആഹാരം കഴിക്കാൻ കഴിയുന്നുണ്ടൊ? ഒരു സാധാരണക്കാരനുവേണ്ടി, അവന്റെ പ്രയാസ്സങ്ങളിൽ നിലകൊള്ളാൻ കേരളത്തിൽ ഏതു ഭരണകർത്താവാണു് ഉള്ളത്‌? കള്ളനോട്ടുക:ൾ കടത്താനും കള്ളക്കടത്തു സാധനങ്ങൾ നാട്ടിൽ എത്തിക്കാനും തീവ്രവാദികളുമായി കൂടിക്കാഴ്ച്ച നടത്താനുമല്ലേ നമ്മുടെ ചില നേതാക്കന്മാരും ഉന്നത ഉദ്യോഗസ്തന്മാരും മുറക്ക്‌ പലപേരും പറഞ്ഞ്‌ വിദേശരാജ്യങ്ങളിൽ പോകുന്നത്‌? കൈക്കൂലി കൊടുക്കാതെ ഏതു കാര്യമാണു നമുക്ക്‌ സാധിക്കാൻ കഴിയുന്നത്‌? കോടതിവിധികളെ ഭരണപ്രതിപക്ഷ ഭേദമെന്യേ തള്ളിപ്പറയുന്നത്‌ അവരുടെ സ്വന്ത താൽപ്പര്യത്തിനു വേണ്ടിയല്ലേ? കൊലപാതകവും സ്ത്രീപീഡനവും മോഷണവും പിടിച്ചുപറിയും നടക്കുന്നത്‌ ഇവിടുത്തെ സാധാരണക്കാരന്റെ മേലല്ലേ? കേരളത്തിൽ, മുഖ്യമന്ത്രിയ്ക്കു താഴെ ,സാധാരണക്കാരൻ ചെല്ലുന്നിടത്തെങ്ങും ഒന്നും നടക്കില്ലാ എന്നതിന്റെ തെളിവല്ലേ തിരുവനന്തപുരത്തും എറണാകുളത്തും അതാലത്തുകളിൽ നാം കണ്ടത്‌.
    തമിഴ്‌നാട്ടിൽ ഇതാണോ സ്തിതി. എന്തേ അവിടെ കർഷക ആത്മഹത്യകൾ ഇല്ല? അമേരിക്കയിൽ ഡോ. അബ്ദുൽ കലാമിനെ പരിശോധിക്കുന്നതി നാം എത്തിക്കുന്നൂ. എന്തു കൊണ്ടാണിത്‌? ഒരോ അമേരിയ്ക്കക്കാരന്റെയും ജീവർ അവർക്ക്‌ വിലപ്പെട്ടതാണു്. കടമെടുത്ത്‌ കൃഷിചെയ്ത നെല്ല് പാടത്ത്‌ കിടന്ന് നശിക്കുന്നതുവരെ ഇവിടുത്തെ ഏതെങ്കിലും സർക്കാർ നടപടി എടുത്തിട്ടുണ്ടോ? കൃഷി നശിച്ചാൽ, സുനാമിവന്നാൽ, ഉരുൾപൊട്ടിയാൽ എന്തിനു, ഇനി മുല്ലപ്പെരിയാർ തകർന്നാലും അവർക്ക്‌ നല്ലത്‌. ഇടതിനും വലതിനും ഒരു പ്രാർദ്ധനയേ ഇവിടെയുള്ളൂ- അത്‌ ഞങ്ങൾ ഭരിക്കുമ്പോൾ ആയിരിക്കണമേ എന്ന്. " കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കുഞ്ഞരമ്പുകളിൽ

    ReplyDelete
  5. നാം അവരെപോലെ വര്‍ഗ്ഗീയത വളര്‍ത്തുന്നതിന് പകരം വര്‍ഗ്ഗീയ വികാരം തമിഴ് ജനതെ എപ്രകാരം അധമാരാക്കി തീര്‍ക്കുന്നു എന്ന് ലോകത്തോട് വിളിച്ച് പറയുകയും അതോടൊപ്പം നാം നമ്മുടെ നാട്ടില്‍ നമ്മുടെയിടയില്‍ തന്നെ പ്രചരിപ്പിക്കുന്ന നമ്മുടെ ജീതി, മത, സ്ഥിതി വര്‍ഗ്ഗീയതകളെ എതിര്‍ക്കാനും ഈ അവസരം ഉപയോഗിക്കണം. കൃഷി ഉള്‍പ്പടെയുള്ള എല്ലാകാര്യങ്ങളിലും നമുക്ക് സ്വയംപര്യാപ്തത ഉണ്ടാകണം. അതിന് ആദ്യം വേണ്ടത് ഏത് പണി ചെയ്യുന്നവരേയും നാം ബഹുമാനിക്കാന്‍ പഠിക്കണം. എങ്കിലേ ആളുകള്‍ സ്വന്തം നാട്ടില്‍ പണിചെയ്യാന്‍ തയ്യാറാകൂ.

    ReplyDelete
  6. ഏത് തരം വര്‍ഗ്ഗീയതയായാലും അത് നമ്മേ നീചന്‍മാരാക്കും. പക്ഷേ അത് തിരിച്ചറിയാന്‍ നമ്മുടെ അന്ധതമൂലം കഴിയില്ല. അതുപോലെ അത് നാശത്തിലേക്കുള്ള വഴിയുമാണ്. മനുഷ്യനെ വിഭജിക്കുന്ന എല്ലാ ആശങ്ങളും തള്ളിക്കളയുക.

    ReplyDelete
  7. ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും സ്ഥിതി ഏകദേശം ഒരുപോലെ ആണ്. 99% ജനം ചൂഷണം ചെയ്യപ്പെടുകയും 1% വരുന്ന സമ്പന്നര്‍ ദരിദ്രരുടെ ചോരകുടിച്ച് ആര്‍ഭാടജീവിതം നയിക്കുകയും ചെയ്യുന്നു. താങ്കള്‍ ചൂണ്ടിക്കാണിച്ച അമേരിക്കയില്‍ 99% ജനം അത് തിരിച്ചറിഞ്ഞ് സമരം നടത്തുന്നു. നമ്മുടെ ചെരുപ്പ് നക്കി മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ലന്നേയുള്ള. occupy wall street.

    ReplyDelete
  8. ശരിയാണ് ..മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമുക്കും അവരുടെ രീതി പിന്തുടരാം ...നല്ല ലേഖനം

    ReplyDelete
  9. ബോഗ് വായിക്കാന്‍ വൈകി. എങ്കിലും നല്ല നിരീക്ഷണങ്ങള്‍ വായിച്ചതിന്റെ സംതൃപ്തിയുണ്ട്...

    ReplyDelete
  10. @ KPസുകുമാരന്‍ , നന്ദിസര്‍ ...തമിഴ്‌മക്കളും നീതിബോധത്തോടെ പ്രതികരിക്കുന്നുണ്ട് എന്നറിയിച്ചതിന്..
    സാറിന്റെ മുല്ലപെരിയാറിനെ കുറിച്ചുള്ള ബ്ലോഗ്‌ വായിച്ചു. നല്ലൊരു ആശയമാണ്‌ സാര്‍ ഷയര്‍ ചെയ്തത് , തമിഴ്‌ ഐക്കണ്‍ ആയിട്ടുള്ള സെലിബ്രിറ്റികളുടെ ഇടപെടല്‍ ഈ വിഷയത്തില്‍ ഗുണം ചെയ്യും എന്നുതന്നെ തോന്നുന്നു

    ReplyDelete
  11. @ജഗദീഷ്‌ , താങ്കളുടെ അഭിപ്രായങ്ങള്‍ വായിച്ചു , പ്രസക്തമാണ് താങ്കളുടെ നിരീക്ഷണങ്ങള്‍ .നന്ദി....
    തമിഴ് ദേശീയത അല്ലെങ്കില്‍ 'തമിഴന്‍' എന്ന അമിതമായ മണ്ണിന്റെ മക്കള്‍ വാദത്തോടൊപ്പം എത്തുന്ന രീതിയിലുള്ള അവരുടെ അതേ ശൈലിയില്‍ പ്രതികരിക്കണം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. മറിച്ച് സംസ്ഥാനത്തിനു ഗുണകരമായ രീതിയില്‍ തമിഴ് വികാരം വിനിയോഗിക്കാന്‍ അവര്‍ക്ക് കഴിയുന്നു ,അതില്‍ ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ, .ബ്യുറോക്രസിപോലും അവരുടെതായ പങ്കു വലിയ രീതിയില്‍ തന്നെ നിര്‍വഹിക്കുന്നു. ഞാന്‍ ഉദ്യോഗസ്ഥവൃന്ദം എടുത്തുപറയാന്‍ കാരണം,മുല്ലപെരിയാര്‍ സന്ദര്‍ശിക്കാന്‍ കേരളത്തില്‍ നിന്ന് ഔദ്യോഗിക സംഘം തന്നെ പോയാലും അവിടുത്തെ ഉദ്യോഗസ്ഥര്‍ കാണിച്ചു കൂട്ടുന്ന കാര്യങ്ങള്‍ നാം മനസ്സിലാക്കിയിട്ടുള്ളതാണല്ലോ.കാരണം അവരുടെ സംസ്ഥാനത്തിന് വേണ്ടി ഏതറ്റം വരെ പോകാനും അവര്‍ തയ്യാറാണ് .തമിഴ് ജനതയെ ശത്രുക്കളായി കാണാതെതന്നെ വിഷയത്തിന്റെ ഗൌരവം അവരെ ബോധ്യപെടുത്താന്‍ കഴിഞ്ഞാല്‍ നല്ലതുതന്നെ , എന്നിരുന്നാലും സുപ്രീംകോടതി വിധി വരുന്നതുവരെ ഡാമിന് ആയുസ്സുണ്ടാകുമോ ...സംശയമാണ് .
    പിന്നെ നമ്മുടെ മുന്‍പിലുള്ള മാര്‍ഗ്ഗമാണ് ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ .നീതിപീഠത്തിനും ഭരണകൂടങ്ങള്‍ക്കും കാലതാമസമില്ലാതെ നമുക്ക് അനുകൂലമായ നിലപാടുകള്‍ എടുപ്പിക്കാന്‍ വേറെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നു തോന്നുന്നില്ല, ഗുണദോഷ സമ്മിശ്രമാണെങ്കിലും മുല്ലപൂ വിപ്ലവം നമുക്കൊരു മാതൃകയാണ്

    ReplyDelete
  12. @FAISU & RAHIM നന്ദി സുഹൃത്തുക്കളെ, ഓരോരുത്തരും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ കൂടുതല്‍ ആളുകളിലേക്ക് സന്ദേശങ്ങള്‍ എത്തിക്കുക, ഇതൊരു വന്‍ വിപത്താണെന്നു ബോധ്യ പെടുത്തുക

    ReplyDelete
  13. സംസ്ഥാനത്തിനു ഗുണകരമായ രീതിയിലാണോ അതോ സംസ്ഥാനത്തെ സമ്പന്നര്‍ക്ക് ഗുണകരമായ രീതിയിലാണോ തമിഴ് വികാരം വിനിയോഗിക്കാന്‍ അവര്‍ക്ക് കഴിയുന്നതെന്ന് നാം പരിശോധിക്കണം. ഈ വര്‍ഗ്ഗീയത അവിടുത്തെ പാവപ്പെട്ടവരെ കൂടുതല്‍ ചൂഷണം ചെയ്യാനുള്ള വഴിയാണ്. നാം ആ വഴി പോകരുത്. മറ്റാരെങ്കിലും മൃഗമായെന്ന് കരുതി നമ്മളും അതുപോലെയല്ല ആകേണ്ടത്. പകരം വര്‍ഗ്ഗീയത എങ്ങനെ മനുഷ്യനെ നീചനാക്കുന്നുവെന്ന് എല്ലാവരേടും പറയുകയാണ് വേണ്ട്.

    മുല്ലപ്പെരിയാറിനെപ്പറ്റി പറയാനെങ്കില്‍, കേരളത്തിലെ ഒരു ജന പ്രതിനിധി തോറ്റതിന് തമിഴര്‍ പടക്കം പൊട്ടിച്ച് ആഹ്ലാദിച്ച ഒരു സംഭവം എപ്പോഴും ഓര്‍ക്കണം. എത്രമാത്രം നമുക്ക് ആത്മാര്‍ത്ഥതയുണ്ട്? നമ്മുടെ മാധ്യമങ്ങള്‍ കള്ള പ്രചരണം നടത്തി ഒരു ജനാധിപത്യ സര്‍ക്കാരിനെ മുള്‍മുനയില്‍ 5 വര്‍ഷം നിര്‍ത്തിയതും നാം ഓര്‍ക്കണം.

    ReplyDelete
  14. ഈ ബ്ലോഗ് പോസ്റ്റ് പരമാവധി ആള്‍ക്കാരിലേക്ക് എത്തിക്കപ്പൊടേണ്ട ഒന്നാണ്. നമ്മുടെ രാഷ്ട്രീയക്കാരോ, മാധ്യമങ്ങളോ മറ്റു നേതാക്കളോ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഗൗരവമായി ഒന്നും ചെയ്യുന്നില്ല എന്നു കാണുമ്പോള്‍ നിസ്സഹായതയുടെ ഭാരമാണ് നമ്മുടെയെല്ലാം മനസ്സിനെ വേദനിപ്പിക്കുന്നത്. ചില വിദഗ്ദര്‍ ഇടക്കിടെ ഡാം സന്ദര്ച്ച്ച് തെളിവെടുപ്പോ പരിശോധനയോ നടത്തുന്നതല്ലാതെ ക്രിയാത്മകമായി എന്തെങ്കിലും ഉടന്‍ ചെയ്തില്ലെങ്കില്‍ വരാനിരിക്കുന്ന ഒരു വര്‍ദുരന്ത്തെക്കുറിച്ച് അച്ച് നിരത്താന്‍ പോലും കൊച്ചുകേരളത്തില്‍ ആരും കാണില്ല!!

    ReplyDelete
  15. മുല്ലപെരിയാര്‍ വിഷയത്തില്‍ ശ്രീ എന്‍ കെ പ്രേമചന്ദ്രനെ പോലെ കാര്യങ്ങള്‍ പഠിച്ചു സംവദിക്കുന്ന ഒരാളും..ഒരാളും ഒരു മന്ത്രിസഭയിലും ഉണ്ടായിട്ടില്ലഎന്നാണ് എനിക്ക് തോന്നുന്നത്. ഈ വിഷയത്തിലുള്ള അദ്ധേഹത്തിന്റെ പ്രായോഗിക നിലപാട്‌ നമുക്ക് വളരെയേറെ ഗുണംചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെയാവാം അദ്ധേഹത്തിന്റെ പരാജയത്തില്‍ ആഘോഷിക്കാന്‍തമിഴ്നാടിന് കഴിഞ്ഞത്. എന്നാല്‍ ഇത്രയും കഴിവുള്ള ഒരു മന്ത്രിയെ തെരഞ്ഞു പിടിച്ച് തോല്‍പ്പിച്ച മലയാള മനസ്സിന്റെ വൈചിത്ര്യമോര്‍ത്ത് മിഴിച്ചു നില്‍ക്കാനേ കഴിയുന്നുള്ളൂ ...

    ReplyDelete

പഥികൻ

നിങ്ങൾ മെനഞ്ഞെടുത്ത അപസർപ്പക കഥയിലെ വില്ലനോ നായകനോ അല്ല ഞാൻ പാഥേയം നഷ്ട്ടപെട്ട ഒരു പഥികൻ മാത്രം, കളഞ്ഞുപോയ എൻ്റെ പൊതി ചോറ് ഞാനൊന്ന് തിരഞ്ഞോട...