Friday, September 9, 2011

ചിതറിയ ചിന്തകള്‍ ...


“മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ.. ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും ,
കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം
 കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല ...’’

എല്ലാവര്‍ക്കും സുപരിചിതമായ  പദ്യഭാഗങ്ങള്‍  
മഹാബലി എന്ന  ചക്രവര്‍ത്തി പണ്ട് കേരള നാടു   ഭരിച്ചിരുന്നപ്പോള്‍ നാട്ടില്‍ നിലവിലുണ്ടായിരുന്ന സമാധാനവും സമൃദ്ധി യുമൊക്കെ ആണ് പദ്യത്തിലൂടെ അവതരിപ്പിക്കുന്നത്‌,  അപ്പോള്‍  ഒരു സംശയം, ഇത്രയും നല്ലവനായ ഒരു ഭരണാധികാരിയെ എന്തിനാണ് ഒരു കാര്യവുമില്ലാതെ  വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്?.മഹാബലി വാമനനോട് ഒരു നീതികേടും കാണിച്ചിട്ടില്ല എന്ന് മാത്രമല്ല ജനങ്ങള്‍ക്കെല്ലാം നീതിമാനായ ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം
ഓണത്തിന്‍റെ ഐതിഹ്യം  വായിച്ചപ്പോള്‍  വെറുതെ വന്ന ഒരു സംശയമാണെങ്കിലും പ്രസക്തമാണെന്നു തോന്നിയതുകൊണ്ടാണ് ഇവിടെ പകര്‍ത്തുന്നത്  .   ഭൂമിയില്‍ ഒരു അസുര രാജാവിന്‍റെ സല്‍ഭരണത്തിലും ഐശ്വര്യത്തിലും അസൂയാലുക്കളായ ദേവന്മാര്‍മഹാവിഷ്ണുവിനോട്  പരാതി പറയുകയും ,വാമനനായി അവതാരമെടുത്ത വിഷ്ണു മഹാബലിയുടെ മുന്‍പില്‍ ഭിക്ഷുവായി വരികയും മൂന്നു അടി മണ്ണ് ദാനം ചോതിക്കുകയും രണ്ടു അടി കൊണ്ട് ആകാശവും ഭൂമിയും അളന്നു കഴിഞ്ഞ വാമനനു മൂന്നാമത്തെ അടിക്കായി തന്‍റെ ശിരസ്സ്‌ കാണിച്ചു കൊടുത്ത മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്നുമാണ് ഐതിഹ്യം. അപ്പോള്‍ വീണ്ടും  കണ്ഫ്യുഷന്‍ നല്ലവനായ ഒരു ഭരണാധികാരിയോട് ദേവന്മാര്‍ക്കെന്തിനാ അസൂയ..? അതിലും വലിയ കണ്ഫ്യുഷനാണ്, വിഷ്ണുവിന്‍റെ ദശാവതാര  ചക്രത്തില്‍ വാമനനും ശേഷമാണ് പരശുരാമന്‍ അവതരിക്കുന്നത്,ഈ പരശുരാമനാണ് മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കുന്നത്‌ .അപ്പോള്‍ അതിനു മുന്‍പ്‌ ഇല്ലാതിരുന്ന കേരളം എങ്ങിനെയാണ് മഹാബലി ഭരിക്കുന്നത്‌..? ആ മഹാബലിയെ ചവിട്ടി താഴ്ത്താന്‍ മാത്രമായിട്ടാണല്ലോ  വാമനന്‍ അവതരിക്കുന്നത്,
ആകെ മൊത്തം ടോട്ടല്‍  കണ്ഫ്യുഷന്‍ ...
എന്തായാലും കണ്ഫ്യുഷന്‍ ഇല്ലാത്ത എല്ലാവര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍...     

Friday, August 5, 2011

നോമ്പുകാല ഓര്‍മ്മകള്‍



ആദ്യമായി നോമ്പെടുത്തു തുടങ്ങിയത് എന്നാണൊന്നും ഓര്‍മ്മയില്ല
കുട്ടിക്കാലത്ത്നോമ്പ് എടുക്കുക എന്നത്  അത്ര കാര്യമായിഎടുത്തിട്ടില്ലായിരുന്നു .
എന്തായാലും മുഴുവന്‍നോമ്പും എടുത്ത്‌ തുടങ്ങിയത്  കുറെ കൂടി മുതിര്‍ന്ന തിനു (ഏകദേശം പത്താം ക്ലാസ്സ്‌ ) ശേഷം തന്നെയാണ് . നോമ്പെടുത്തു തുടങ്ങിയ ശേഷം ഒരുപാട് നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.രസകരമായ പല സംഭവങ്ങളും ഓര്‍മ്മയിലുണ്ട് . .ഞങ്ങളുടെ അടുത്തുള്ള (പണ്ടത്തെ കടപ്പായി ഇന്നത്തെ തെക്കെക്കാട്‌) ചെറിയ നിസ്ക്കാര പള്ളിയില്‍ എല്ലാവരും കൂടും ,
കാരണം അവിടെ എല്ലാദിവസവും (നോമ്പുമാസം മുഴുവനും) നല്ല “ഫുഡ്‌’   ആയിരിക്കും  ഓരോ ദിവസവും ഓരോ വീട്ടുകാര്‍ സ്പോണ്സര്‍ ചെയ്യും.... 
  ഫുഡ്‌ അടി ഒരു   മല്‍സരമായി എടുത്തിട്ടുള്ള  എന്റെ  ഒരുപാടുകൂട്ടുകാര്‍ ഉണ്ട് .അവരില്‍   പ്രധാനികള്‍ ആണ്  മുജീബും അലിയും. രണ്ടുപേരും നല്ല    ഫുഡിസ്റ്റുകള്‍  ആണ്.മുജീബ്‌ ഒരു ദിവസം  12 പൊറോട്ട തിന്നാല്‍ അലി പിറ്റേന്ന്13 എണ്ണം അടിക്കും. തീരെ മോശമല്ലാത്ത ഒരുസ്ഥാനം ശംസുവിനും ഉണ്ട്.അദ്ദേഹത്തെ പറ്റിയ്യാണ്   ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത്, ടിയാന്‍  എന്റെ  കസിന്‍  ബ്രദര്‍ ആണ് .എന്ന് വെച്ചാല്‍ എന്റെ കുഞ്ഞമ്മായിയുടെ മകന്‍.. ചെറുപ്പത്തില്‍ എല്ലാ തരികിടയും  കൈയിലുള്ള ആളായിരുന്നു ( ഇപ്പോള്‍ മൂന്ന് മക്കളുടെ പിതാവ്, )
നോമ്പെടുക്കുന്ന കാര്യത്തില്‍ പുള്ളിക്ക് അത്ര വലിയ പ്രിയം ഒന്നുംഇല്ലായിരുന്നു (ഇപ്പോള്‍ ഉണ്ട് കേട്ടോ ) കുഞ്ഞമ്മായി ആണെങ്കില്‍ ഇവന്‍  നോമ്പെടുക്കാന്‍  വേണ്ടിഅവന്‍റെ എല്ലാ ഡിമാണ്ടുകളും അംഗീകരിക്കും .അന്നൊക്കെ ഹോര്‍ലിക്ക്സ് ആണ് ഏറ്റവും മുന്തിയ പോഷക പാനീയം. ഷംസുവിന് നോമ്പുനോക്കണമെങ്കില്‍ ഹോര്‍ലിക്ക്സ് നിര്‍ബന്ധമാണ് .അത്താഴത്തിനാണെങ്കില്‍ ഓംലെറ്റ്‌ കൂടിയേതീരൂ .പാവം കുഞ്ഞമ്മായി ,അവര്‍ ഇവനുവേണ്ടി  പാതിരാവില്‍ എണീറ്റ്‌ എല്ലാ വിഭവങ്ങളും ഉണ്ടാക്കി കൊടുക്കും ,അങ്ങിനെ ഷംസുവിന്റെ നോമ്പ്‌ വളരെ സന്തോഷത്തോടെ മുന്നോട്ട് പോയി കൊണ്ടിരുന്നു. മറ്റുള്ളവര്‍ നോമ്പിന്റെ ക്ഷീണത്തില്‍ നടക്കുമ്പോഴും ഷംസു നല്ല ഉഷാറിലായിരുന്നു. അങ്ങിനെ ഇരിക്കെ , ഒരു ദിവസം ഞാനും അവനും കൂടി ഞങ്ങളുടെ സ്വന്തം “സിറ്റിയായ” വട്ടംപാടം  സെന്‍ററില്‍ എന്തോ ആവശ്യത്തിന് പോയിരുന്നു.
തിരിച്ചു  വരുമ്പോള്‍ വട്ടംപാടത്തെ ഫൈമസ് ആയ പ്രിയ ഹോട്ടല്‍സിന്റെ
മുന്നില്‍  എത്തിയപോള്‍ കടയുടമ കാര്‍ത്തികേയന്‍  ചേട്ടന്‍ ചാടിയിറങ്ങി
ഷംസൂ ,പറ്റുതീര്‍ക്കുന്നില്ലേ എന്ന് വിളിച്ചു ചോതിക്കുന്നുണ്ട് ,ഇവനാണെങ്കില്‍ ഞാന്‍ അറിഞ്ഞാലോ എന്ന് ഭയന്ന് ഒന്നുംഅറിയാത്തപോലെ മുന്നോട്ട്‌ പോകുക തന്നെയാണ് .സംഭവം എന്താണെന്നു  അറിയാന്‍ ഞാനും തീരുമാനിച്ചു.അപോഴല്ലേ സംഗതിയുടെ ഗുട്ടന്‍സ്‌ പിടികിട്ടുന്നത് .
ഇവന്‍ എല്ലാ ദിവസവും നോമ്പെടുക്കും,ഉച്ചക്കും രാവിലെയും   ഹോട്ടലില്‍കയറി ഫുഡും അടിക്കും. അങ്ങിനെ വന്നപൈസയുടെ കണക്കാണ് കാര്‍ത്തികേയന്‍    ചേട്ടന്‍ വിളിച്ചു ചോതിച്ചത്. പിന്നെ എന്റെ കയ്യിലല്ലേ കിട്ടിയത് ,കിട്ടിയ അവസരം ഞാന്‍ പാഴാക്കിയില്ല,നേരെ വന്നു കൂട്ടുകാരോടൊക്കെ പറഞ്ഞു, കൂടുതല്‍ ആരോടും പറയേണ്ടി വന്നില്ല റസാക്കിനോട് മാത്രം പറഞ്ഞാല്‍ പോരെ, ബാക്കി അവന്‍ നോക്കിക്കോളും
പിന്നത്തെ കാര്യം പറയേണ്ടല്ലോ ഷംസുവിനെ അവര്‍ എല്ലാവരും കൂടി പൊരിച്ചു. പക്ഷേ കുഞ്ഞമ്മായിയോടു മാത്രം ഇത് പറഞ്ഞില്ല. പാവം അവര്‍ പിറ്റേ ദിവസവും ഇവന്നു വേണ്ടി മുട്ടയും ഹോര്‍ലിക്ക്സും ഉണ്ടാക്കിയിരിക്കാം...








Thursday, July 21, 2011

കൈരളിയോട്...


ഒരാഴ്ചയായി മനസ്സിന് വല്ലാത്തൊരു ഭാരം തോന്നി തുടങ്ങിയിട്ട് .കഴിഞ്ഞ വാരത്തിലെ പത്രവാര്‍ത്ത വായിച്ചത്  മുതല്‍ ഉള്ളില്‍  ഒരുവിങ്ങല്‍.
എന്തൊക്കെയോ എഴുതണമെന്നുണ്ട് ,സത്യത്തില്‍ എന്തെഴുതണം എന്ന് മറന്നു പോയിരിക്കുന്നു
ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ അനുദിനം മലീമസമാക്കപെട്ടു കൊണ്ടിരിക്കുന്ന കേരളീയമനസ്സിനെ കുറിച്ച് എന്ത് പറയാനാണ്.പത്തു വയസ്സുകാരന്‍അഞ്ചാം തരം വിദ്യാര്‍ഥി മുതല്‍എഴുപതൊന്നു വയസ്സുള്ള പടു കിഴവന്മാര്‍ വരെ കാമാര്‍ത്തിപൂണ്ടകണ്ണുകളോടെമാത്രം നമ്മുടെ പെണ്മക്കളെ വേട്ടയാടാന്‍ പുറപെട്ടിരിക്കുന്ന ഈ ആസുരകാലത്തെ പറ്റി എന്തെഴുതാനാണ്.?
നടുക്കുന്ന വാര്‍ത്തകളാണ് ഇന്ന് നമുക്ക് ചുറ്റും.പത്തു  വയസ്സുകാരന്‍ തന്‍റെ    കാമപൂര്‍ത്തീകരണത്തിനിടയില്  അഞ്ചു വയസ്സുകാരിയെ കൊന്നു കളഞ്ഞിരിക്കുന്നു, ഒരു മാസംമുന്‍പ്‌ ഒരു പതിമൂന്നു വയസ്സുകാരന്‍  മറ്റൊരു പിഞ്ചു പൈതലിനെ ഇതുപോലെ അതി ദാരുണമായി കൊലപെടുത്തിയ വാര്‍ത്തയും നാംകണ്ടു . രണ്ടും സമാനമായ സംഭവങ്ങളാണ്. എങ്ങിനെ ഈ ചെറു ബാലന്‍മാര്‍ക്ക് ഇത്തരം ലൈംഗിക അരാജകത്വവും അക്രമവാസനയും ഉണ്ടായി. അറസ്റ്റിലായ ബാലന്‍മാര്‍ പറഞ്ഞ കഥ കേള്‍ക്കുംപോളാണ് നാം കൂടുതല്‍ഞെട്ടുന്നത്‌. പത്തു വയസ്സുകാരന്‍ പയ്യന് ,തന്‍റെ പിതാവ് കാണാന്‍ ഉപയോഗിച്ചിരുന്ന നീല ചിത്രങ്ങളാണ് ഈ രംഗത്തേക്കുള്ള വഴികാട്ടി. പിതാവ്‌ കാണുമ്പോള്‍  ഒളിഞ്ഞു നോക്കുകയും,അവര്‍ ഇല്ലാത്തസമയങ്ങളില്‍ തനിച്ചിരുന്നു കാണുകയും പതിവായിരുന്നു .സ്ക്രീനില്‍ കണ്ട രംഗംങ്ങള്‍ പ്രാവര്‍ത്തിക  മാക്കാനുള്ള വ്യഗ്രതകൊടുവില്‍ പൊലിഞ്ഞു പോയത് ഒരു പിഞ്ചുകുഞ്ഞ്‌. പതിമുന്നുവയസ്സുകാരന്‍ തന്‍റെ കൂട്ടുകാരന്‍റെ     മൊബൈല്‍  ഫോണില്‍ കണ്ട രതി രംഗങ്ങളാണ് പ്രചോതനമായതെങ്കില്‍ , നാം ഉറക്കെ ചിന്തികേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എവിടെ എത്തിനില്‍ക്കുന്നു പ്രബുദ്ധമലയാളീ  സമൂഹം ? ആരാണീ ധാര്‍മിക തകര്‍ച്ചക്ക്‌ ഉത്തരവാദി.?
നാം ഓരോരുത്തര്‍ക്കും കൈ കഴുകി മാറിനില്‍ക്കാന്‍സാധ്യമല്ല
പ്രായപൂര്‍ത്തി ആകാത്ത സ്വന്തം മകളെ , ജന്മം നല്‍കിയ പിതാവുതന്നെ കാമ  വെറിയന്‍മാര്‍ക്ക്‌ എറിഞ്ഞുകൊടുത്ത വാര്‍ത്ത കോതമംഗലം  കേസില്‍ നാം കണ്ടതാണ് . ചുരുക്കത്തില്‍  പറഞ്ഞാല്‍ പെണ്‍കുഞ്ഞ്    വളര്‍ന്നുവരുമ്പോള്‍ പിതാവിനെ പോലും സംശയത്തോടെ നോക്കേണ്ട ഗതികേടിലേക്ക് കേരളത്തിലെ അമ്മമാര്‍ എത്തിച്ചേര്‍ന്നു എന്ന്  പറഞ്ഞാല്‍ അതിശയോക്തിയാവില്ല..? എന്താണ് നമുക്ക് പറ്റിയത്. രക്തബന്ധങ്ങളുടെ വിലപോലും തിരിച്ചറിയാതാകുമാറ് നാം ഭ്രാന്തമായ ലൈംഗിക ദുര്‍വികാരതിനു അടിമകളായി..? സംശയിക്കേണ്ടിയിരിക്കുന്നു, അറുപത്തഞ്ചു വയസ്സായ സ്വന്തം വൃദ്ധ മാതാവിനെ, അയല്കാരന് കൂട്ടികൊടുക്കുക മാത്രമല്ല എതിര്‍ത്തപ്പോള്കീഴടക്കാന്‍വരെ സഹായിച്ച മകനെ പറ്റി നാം വായിച്ചതും ഈ അടുതാണല്ലോ.കേരളം കാണാന്‍ വന്ന ഒരു തമിഴ് കുടുംബത്തിലെ അച്ഛനെ കെട്ടിയിട്ട്‌ അമ്മയെയും മകളെയും ബലാല്‍സംഗം ചെയ്ത മനുഷ്യമൃഗങ്ങളുടെ പ്രവര്‍ത്തി  യുട്യൂബില്‍ പറന്നു നടന്നിരുന്നതും നമുക്ക് മറക്കാറായിട്ടില്ല. അവസാനം പ്രാണരക്ഷാര്‍ത്ഥം ഓടുന്ന അര്‍ദ്ധ നഗ്ന യായ  ആ അമ്മ യുടെ ചിത്രം ഇന്നും  നെഞ്ചിനുള്ളില്‍  ആഴമുള്ള ഒരു മുറിവായി കിടക്കുന്നു.പട്ടാപകല്‍ ഭര്‍ത്താവിനൊപ്പം ബസ്സ് കാത്തു നിന്ന ഭാര്യയെ തട്ടിക്കൊണ്ടുപോയ കഥകളും നാം കേട്ടു.
  കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ  കണക്കെടുത്താല്‍ പീഡനകഥകളുടെ  മെഗാസീരിയലുകള്‍ തന്നെയായിരുന്നു കടന്നുപോയത്. ബസ്സിലെ “കിളി”  മുതല്‍ രാജ്യം ഭരിക്കുന്ന മന്ത്രിമാര്‍വരെ അനേകം ബാലികമാരെ ചവച്ചുതുപ്പി. കിളിരൂര്‍,കവിയൂര്‍, കോതമംഗലം,
പറവൂര്‍  പട്ടികനീണ്ടുകൊണ്ടേ  ഇരിക്കുമ്പോള്‍ നാം ഭയക്കേണ്ടി ഇരിക്കുന്നു . എങ്ങിനെ നമ്മുടെ പെണ്മക്കളെ  സ്കൂളില്‍ അയക്കും എങ്ങിനെ നമ്മുടെ സഹോദരിമാര്‍ പുറത്തിറങ്ങും ?
കൊട്ടിഘോഷിക്കപെട്ട കേരള തനിമയും സംസ്ക്കാരവും എങ്ങിനെയാണ് ഇത്രയും മലീമസമാക്കപെട്ടത്‌ , ? കാരണങ്ങള്‍  അന്വേഷിക്കുമ്പോള്‍ ഒരുപാട് പറയേണ്ടി വരും
അനുദിനം പുരോഗമിച്ചു കൊണ്ടിരിക്കുന്ന  നൂതന സാങ്കേതിക വിദ്യകള്‍  ഗുണം പോലെ തന്നെ ,നാംപവിത്രമെന്നു കരുതിയിരുന്ന ധാര്‍മിക ബോധത്തിന്‍റെ  കടക്കല്‍വെച്ച കോടാലി കൂടിയാണെന്ന് ഇപ്പോള്‍ നാം തിരിച്ചറിയുന്നു. അന്തമായ പടിഞ്ഞാറന്‍ അനുകരണവും,അമിതമായ സ്വാതന്ത്ര്യവും നമ്മെ എവിടെ കൊണ്ടെത്തിച്ചു എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
കുറച്ചുകാര്യങ്ങളിലെങ്കിലും ഒരു നിയന്ത്രണം അനിവാര്യമാണെന്ന് ഇപ്പോള്‍പലരും അഭിപ്രായപെട്ടുകൊണ്ടിരിക്കുന്നു.എല്ലാം കച്ചവട കണ്ണുകളോടെ മാത്രം നോക്കികാണുന്ന ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ക്കും ഈ മൂല്യച്യുതിയില്‍ വലിയൊരു പങ്കുണ്ട് .  ഏറ്റവുംചുരുക്കിപറഞ്ഞാല് ഒരു  ഡിയോറണ്ട് പരസ്യം മാത്രം മതി ഉദാഹരണത്തിന്.
അന്തമായ അനുകരണവും അമിത സ്വാതന്ത്ര്യവും സ്വന്തം സംസ്ക്കാരം തന്നെ ഇല്ലാതാക്കിയ ഒരു ഏഷ്യന്‍ രാജ്യത്തെ പെണ്മണികളെ  കാണുമ്പോള്‍ , ഈപ്രവാസ ലോകത്തിരുന്നു ഒരല്പം അഹങ്കാരതോട് കൂടി വാചക മടിച്ചിരുന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടിലാണ് ഈ  പീഡനപരമ്പരകള്‍ എന്നോര്‍ത്ത് തലകുനിഞ്ഞു പോകുന്നു .
തീര്‍ച്ചയായും  പ്രതിവിധികള്‍ നാംതന്നെ കണ്ടതേണ്ടിയിരിക്കുന്നു
വ്യക്തികള്‍ചേര്‍ന്ന് കുടുംബവും ,കുറെ കുടുംബങ്ങള്‍ ചേര്‍ന്ന് ഒരു സമൂഹവുമുണ്ടാവുന്നു. എന്ന് വെച്ചാല്‍ നല്ല  വ്യക്തികള്‍ഉണ്ടായാല്‍  നല്ല കുടുംബവും, നല്ലകുടുംബങ്ങള്‍ ഉണ്ടായാല്‍  നല്ല സമൂഹവും ഉണ്ടാവും.
അതിനാല്‍ വ്യക്തി കേന്ദ്രീകൃതമായ  ബോധവല്‍ക്കരണത്തിന് നാം  ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു.മത-സാമൂഹിക-സാംസ്ക്കാരിക സംഘടനകളുടെ ഇനിയുള്ള ശ്രദ്ധ ഈ വിഷയത്തിലേക്കായിരിക്കട്ടെ ... 
  

Monday, July 11, 2011

പ്രണയം



പ്രണയം.
അർത്ഥം തികയാത്ത ചിലയക്ഷരങ്ങള്‍.
പൂര്‍ണമാവാത്ത അക്ഷരങ്ങളുടെ പൊരുള്‍ തേടി ഞാന്‍ അലഞ്ഞു കൊണ്ടേയിരുന്നു.
ആരും പറഞ്ഞില്ല എന്താണു പ്രണയം?
കാശ്മീരിന്റെ താഴ്‌വരകളിലും താജ്മഹലിന്റെ ചാരെയും ഞാന്‍ അന്വേഷിച്ചു
ആരും പറഞ്ഞില്ല , എന്താണു പ്രണയം?
പാരീസിലെ സന്ധ്യകളിലും  റോമിലെ പ്രഭാതങ്ങളിലും ഞാൻ അലഞ്ഞു.
ആരും പറഞ്ഞില്ല എന്താണ് പ്രണയം?
വോള്‍ഗാ നദിക്കരയിലും, നൈലിന്റെ തീരെയും ഞാന്‍ തിരഞ്ഞുനടന്നു
ആരും പറഞ്ഞില്ല. എന്താണു പ്രണയം?
ഒടുവില്‍ പൂര്‍ണമാവാത്ത അക്ഷരങ്ങളുടെ അർത്ഥം തേടി ഞാന്‍ എത്തിചേര്‍ന്നു 
ഈ സെമിത്തേരിയിലും.
ഇവിടെ, കാലം പ്രണയിച്ചവരുടെ
 ശവകുടീരങ്ങളിലിടാന്‍
പുഷ്പഹാരങ്ങളില്ലായിരുന്നു  കയ്യില്‍  ....

പഥികൻ

നിങ്ങൾ മെനഞ്ഞെടുത്ത അപസർപ്പക കഥയിലെ വില്ലനോ നായകനോ അല്ല ഞാൻ പാഥേയം നഷ്ട്ടപെട്ട ഒരു പഥികൻ മാത്രം, കളഞ്ഞുപോയ എൻ്റെ പൊതി ചോറ് ഞാനൊന്ന് തിരഞ്ഞോട...