Wednesday, May 23, 2012

പരേതര്‍ തിരിച്ചു വരുന്നില്ല .......

യമലോകത്ത്‌ആത്മാക്കളെല്ലാം വലിയ സന്തോഷത്തിലാണ് , ഒരു വര്‍ഷമായി കാത്തിരുന്ന ആ ദിവസം നാളെയാണ് . വര്‍ഷത്തില്‍ ഒരിക്കല്‍ സ്വന്തം വീടുകളില്‍ പോയി സ്വന്ത- ബന്ധങ്ങളെയൊക്കെ കണ്ടു വരാന്‍ ചിത്രഗുപ്തന്‍ മരണപെട്ടു പോയ എല്ലാ ആത്മാക്കള്‍ക്കും അനുവാദം കൊടുത്തിട്ടുണ്ട്‌ .
എല്ലാവരും പരസ്പരം വിശേഷങ്ങള്‍ പറഞ്ഞും കളിച്ചും ചിരിച്ചും നടക്കുന്നുണ്ട് ,ചിലര്‍ തങ്ങളുടെ മക്കളുടെ വീരകൃത്യങ്ങളെ പറ്റി പറയുന്നുണ്ട് , മറ്റു ചിലര്‍ കൊച്ചു മക്കളുടെ കുസൃതികളെ പറ്റി വര്‍ണ്ണിക്കുന്നുണ്ട് , അങ്ങിനെ ബഹളമയമാണ് ഇന്ന്  യമലോകം
ചാലകുടിക്കാരന്‍ വര്‍ക്കിച്ചന്റെ ആത്മാവ് ഇതിലൊന്നും വലിയ താല്പര്യമില്ലാത്തമട്ടില്‍ ചുമ്മാ കറങ്ങിയടിച്ചു നടക്കുന്നുണ്ട് .
എന്താടോ വര്‍ക്കിച്ചാ ഒരു ഉഷാറില്ലല്ലോ  , കൂട്ടത്തിലെ കാരണവരായ പിള്ളചേട്ടന്‍ ചോദിച്ചു .
ഓ .. എന്ത് പറയാനാ ചേട്ടാ , ഇതിലൊന്നും ഒരു കാര്യവുമില്ലന്നെ

അതെന്താടോ അങ്ങനെ , വര്‍ഷത്തില്‍ ഒരിക്കല്‍ വീട്ടില്‍ പോയി മക്കളെയൊക്കെ ഒന്ന് കാണാലോ ,
അതൊരു നല്ല കാര്യമല്ലേ

അതൊക്കെ ശര്യാണ് ചേട്ടാ ... പറഞ്ഞിട്ടെന്താ
മ്മക്ക് ണ്ടൊരു ഗഡി , കഴിഞ്ഞ രണ്ടു വര്‍ഷം പുള്ളീനെ കാണാന്‍ ഞാന്‍ വീട്ടി പോയി

എന്നിട്ട് കണ്ടില്ലേ ...?


എവടെ.. അവന്‍ കുടിച്ചു പാമ്പായി തോട്ടു വക്കത്ത് എവടെയോ കെടക്കുന്നുന്ന് വീട്ടി പറയണകേട്ട്.
വീട്ടില്‍ പോകാന്‍ മാത്രമല്ലേ അനുവാദമുള്ളൂ , അതോണ്ട് കാണാന്‍ പറ്റീല

ഓഹോ .. അതാണ്‌ കാര്യം അല്ലെ , എന്തായാലും ഇപ്രാവശ്യം തനിക്ക് കാണാടോ , ധൈര്യമായിട്ടു പോ .


ഉം .. നോക്കട്ടെ

അങ്ങിനെ ഓരോരുത്തരും നാളത്തെ ദിവസത്തെ കാത്തിരുന്നു
ചിത്രഗുപ്തന്‍ തന്റെ കണക്ക് പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി .

പിറ്റേന്ന് പുലര്‍ച്ചയോടെ തന്നെ ആത്മാക്കള്‍ പുറപെട്ടുതുടങ്ങി
ശുഭ്രവസ്ത്രം ധരിച്ചു എലാവരും ഭൂമിയിലേക്ക്‌ ഒഴുകി ,
യമലോകം വിജനമായി .
കിട്ടിയ അവസരം മുതലാക്കി ചിത്രഗുപ്തന്‍ കണക്ക് പുസ്തകം മടക്കി വെച്ച് മേശമേല്‍ തല ചായ്ച്ചു .

വൈകുന്നേരത്തോടെ ഓരോരുത്തരും തിരിച്ചു വന്നു തുടങ്ങി .
ചിത്രഗുപ്തന്‍ കോട്ടുവാ ഇട്ടുകൊണ്ട് എഴുന്നേറ്റു  ,കണക്ക് പുസ്തകം തുറക്കുന്നതിനടയില്‍ വരുന്നവരെയൊക്കെ പാളി നോക്കി , ആരുടെ മുഖത്തും സന്തോഷം കാണുന്നില്ലല്ലോ
എന്ന് മനസ്സില്‍ പറഞ്ഞു .
മുഴുവന്‍ ആളുകളും എത്തിയിട്ടും യമലോകം 'മരണ വീട് ' പോലെ മൂകമായി തന്നെ ഇരുന്നു .
സാധാരണ ദിവസങ്ങളില്‍ പോലും പാട്ടും കളിയും ചിരിയും ഒക്കെയായി ബഹളമയമായിരിക്കുന്ന
യമലോകത്ത്‌ ഇന്നെന്ത് പറ്റി എന്ന് ചിത്രഗുപ്തന്‍ ആശ്ച്ചര്യപെട്ടു .
എന്തായാലും എല്ലാവരെയും ഒന്ന് കണ്ടു വരാന്‍ തന്നെ തീര്‍ച്ചപെടുത്തി.

ഓരോരുത്തരേയും കണ്ടു വിവരങ്ങള്‍ ആരാഞ്ഞു ..
ആദ്യം വര്‍ക്കിച്ചനെയാണ് കണ്ടത്

എന്താടോ ... വീട്ടിലെ വിശേഷങ്ങള്‍ ,ഗൗരവം വിടാതെ തന്നെയാണ് ചോദിച്ചത്
വര്‍ക്കിച്ചന്‍ സന്തോഷത്തിലാണ് .

ഹോ .. ഒന്നും പറയണ്ടന്റെ ചിത്രഗുപ്തോ ..

ഉം .. എന്താ ...

ഇന്ന് ഒന്നാംതി  അല്ലെ,  ബിവറേജസൊക്കെ അവധി ....മ്മടെ ഗഡി വീട്ടി തന്നെണ്ടാര്‍ന്നു , ഒന്ന് കാണാനൊത്തു.

ഉം .. ..എന്താ മറ്റുള്ളവരൊക്കെ മൂഡോഫിലാണല്ലോ ..?

പലര്‍ക്കും വീടുകളില്‍ പോയപ്പോ വേണ്ടീരുന്നില്ലാന്നാ തോന്നണെ...

അതെന്താ ...

എല്ലാരുടേം കഥകള്‍ കേട്ടപ്പോ നിക്കും അങ്ങനെ തോന്നി

ചിത്രഗുപ്തന്‍ മറ്റൊരാളിന്റെ അടുത്തേക്ക് നടന്നു ,
വര്‍ക്കിച്ചന്‍ പിന്നാലെയുണ്ട്
വെണ്ണക്കല്‍ വിരിച്ച അരതിണ്ണയില്‍ തൂണും ചാരി ഒരാള്‍ ഇരിപ്പുണ്ട് , അയാളുടെ നേരെ തിരിഞ്ഞപ്പോള്‍ തന്നെ വര്‍ക്കിച്ചന്‍ തടഞ്ഞു

അങ്ങോട്ട്‌ പോകണ്ടാ ...

അതെന്താ

അത് മ്മടെ  പീഡനകേസില്ലേ ...

ആരുടെ ..തന്റെയോ ..?

അതല്ല , ആ പെണ്‍കുട്ടികളെ സില്‍മേല്‍ അഭിനയിപ്പിക്കാന്നും പറഞ്ഞ്  പീഡിപ്പിക്കാന്‍ കൊടുത്ത
ഒരു പെണ്ണുമ്പിള്ളയില്ലേ ... അവള്‍ടെ തന്ത പിടിയാണ് .
ഇന്ന് വീട്ടി പോയപ്പോഴാണ് വിവരം അറിഞ്ഞത് , മകള്‍ പീഡനകേസില്‍ അകത്താണെന്ന്

ഓഹോ .. എന്നാ അങ്ങോട്ട്‌ പോകണ്ടാ

രണ്ടാളും കൂടി മുന്നോട്ടു നടന്നു
താടിക്ക് കയ്യും കൊടുത്തു ചിന്തിച്ചിരിക്കുന്ന ഒരാളെ കണ്ടു

അത് മ്മടെ ....

ചിത്രഗുപ്തന്‍ രൂക്ഷമായൊന്നു നോക്കി

മ്മടെ ന്ന് വെച്ചാല്‍......, എന്റെയല്ല
അഞ്ചി പഠിക്കുന്ന ഒരു ചെക്കന്‍ അഞ്ചു വയസ്സായ ഒരു കുട്ടീനെ ...

അവന്റെ തന്തപിടിയാകും  അല്ലെ ..

അദ്ധെന്നേ ...

വീണ്ടും മുന്നോട്ട് .
കൈകളില്‍ മുഖം പൂഴ്ത്തി വിങ്ങികരയുന്ന ഒരാളെ കണ്ടു .

മ്മടെ .. അല്ല ,  കൊടി വിനിയുടെ അച്ഛനാണത്

അതാരാ , കൊടിവിനി ..?

അതുപോലും അറില്ലെന്റെ ചിത്രഗുപ്തോ..
അതിനെങ്ങനാ , എതുനേരോം ഈ പുസ്തകോം തോറന്നോണ്ടിരിക്കുവല്ലേ ..
ഇടക്കൊക്കെ ഒന്ന് ഭൂമീലെ ചാനലുകള്‍   കാണണം .

ഹും .. എന്നിട്ട് വേണം ഈ യമലോകം നശിപ്പിക്കാന്‍ , ല്ലേ ...?
താന്‍ കാര്യം പറ , ആരാ കൊടിവിനി

അവനല്ലേ ഇപ്പൊ മലയാളത്തിലെ താരം ..
ചാനലിലും പത്രത്തിലും എന്താ കവറേജ് ....

മനസ്സിലായില്ല ...?

ലവനാണ് പാര്‍ട്ടിക്ക് വേണ്ടി വെട്ടാന്‍ പോകുന്നത്
റേറ്റ്‌ ച്ചിരി ക്കൂടുമെങ്കിലും പറഞ്ഞ കാര്യം നടക്കും .
അതോണ്ട് പാര്‍ട്ടിക്കും ഇഷ്ട്ടം ,
പാര്‍ട്ടീന്ന് തെറ്റ്യോരോക്കെ പുള്ളീനെ പേടിച്ചാ നടക്കണേ

കാര്യം ഇങ്ങനൊക്കെ ആണെങ്കിലും പുള്ളി ആളു ഡീസന്റാ...

അതെങ്ങിനെ ..?

ആളെ കൊന്നാലും പോലീസിനു പിടികൊടുക്കാന്‍ ആളു തയ്യാറാ ..

അതാണോ ഡീസന്റ് ...?

അതല്ല , പിടികൊടുത്താല്‍ തന്നെ കൈകാര്യംചെയ്യാന്‍ പാടില്ലാന്ന് .....

ഓ , അങ്ങിനെ ...
അപ്പൊ പുള്ളി ഡീസന്റ് തന്നെ .
ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ കൊള്ളാവുന്ന ഒരുത്തനുമില്ലോഡേയ്....?

അങ്ങനൊന്നും പറയാന്‍ പറ്റില്ല്യ ..

വീണ്ടും മുന്നോട്ട് നടക്കും തോറും കേട്ട കഥകള്‍ കേട്ട് ചിത്രഗുപ്തന്‍ കാതുകള്‍ പൊത്തി .

മതി ...ഇനി കേള്‍ക്കണ്ടാ
എല്ലാ അവന്മാര്‍ക്കും  കാലപുരിയിലേക്ക് ടിക്കെറ്റ് എടുക്കണമെന്ന് ഞാന്‍ യമദേവന്
റിപ്പോര്‍ട്ട് കൊടുക്കാന്‍ പോകുന്നു ....
അതിനെങ്ങിനാ ....ഈ പണ്ടാരകാലന്മാര്‍ക്കാണ് പുസ്തകത്തില്‍ ഏറ്റവും അധികം  ആയുസ്സ്‌ കാണുന്നത് .

നടന്നു നടന്നു രണ്ടു പേരും അവസാനം ഉദ്യാനതിലെത്തി.
അവിടെ ഒരാള്‍ ആര്‍ത്തുല്ലസിച്ചു നടക്കുന്നത് കണ്ടു രണ്ടു പേരും ആശ്ച്ചര്യപെട്ടു

അതാരാ വര്‍ക്കിച്ചാ ..

ഞാനും പുള്ളീനെ ഇന്ന് കണ്ടില്ല

എന്തായാലും ഭൂമിയില്‍ സുകൃതം ചെയ്തു ജീവിക്കുന്നവര്‍ ഉണ്ട്
അയാളുടെ മക്കള്‍ എന്തായാലും നല്ലവരാണ് , അതുകൊണ്ടാവും പുള്ളിക്ക് ഇത്ര സന്തോഷം .

രണ്ടുപേരും അയാളുടെ അടുത്തെത്തി .

ഇത്രയും കഥകള്‍ കേട്ടിട്ടും ,ഒന്നുപോലും നന്മയുടെതായി ഉണ്ടായില്ല
അത് കൊണ്ട് ,താങ്കളുടെ കഥ പറയൂ ..
ചിത്രഗുപ്തന്‍ ആവശ്യപെട്ടു
അതിനു മുന്‍പ്‌ സുകൃതം ചെയ്ത താങ്കളുടെ മക്കളുടെ പേരുകള്‍ പറയൂ ..
അവരുടെ ആയുസ്സ് ഇപ്പോള്‍ തന്നെ നീട്ടി കൊടുത്തേക്കാം ...
പറയൂ ....
ആരാണ്  , താങ്കളുടെ മകന്‍ അല്ലെങ്കില്‍ മകള്‍ ..?

ഇത് ഗംഭീര ഓഫറാട്ട . ഗഡ്യേ....
മടിക്കാണ്ട് പറഞ്ഞോളൂ ന്ന്  , വര്‍ക്കിച്ചന്‍ സപ്പോര്‍ട്ട് ചെയ്തു .

അയാള്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ....

ഭൂമിയിലുള്ളപ്പോ എനിക്ക് ഭയങ്കര സങ്കടമായിരുന്നു ...മക്കളില്ലാത്തതില്‍ ...,
ഇപ്പൊ  എനിക്ക് ഭയങ്കര സന്തോഷമാണ്  .




Friday, April 13, 2012

മമ്മൂഞ്ഞിന്റെ ഫൈസ് ബുക്ക്

മമ്മൂഞ്ഞ് തലപുകക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി .പാതിരാവരെ ഫൈസ്ബുക്കും തുറന്നു പറ്റാവുന്നത്ര പോസ്റ്റിയിട്ടും ഒരുത്തനും /ഒരുത്തിയും തിരിഞ്ഞു നോക്കുന്നില്ല . എലിയും പൂച്ചയും പുഷ്പവും പോസ്റ്റിനോക്കി നോ രക്ഷ . ഏതെന്കിലും പെണ്ണൊരുത്തി പറമ്പിലെ തൊട്ടാവാടിയുടെ ചിത്രം പോസ്റ്റിയാല്‍ പോലും   സ്റ്റാര്‍സിങ്ങറിലെ ദീദി പറയുംപോലെ ,വണ്ടര്‍ഫുള്‍ ഫന്റാസ്റ്റിക്ക്   മാര്‍വലസ്തുടങ്ങി ,ക്യാമറ യുടെ കവറിനെകുറിച്ച് വരെ   കമന്റുകളും ലോഡ് കണക്കിന് ലൈക്കുകളും കൊടുക്കാന്‍ മത്സരിക്കുന്ന ചേട്ടന്‍മാരൊന്നും മമ്മൂഞ്ഞിന്റെ പോസ്റ്റ് കണ്ട ഭാവം നടിച്ചില്ല .
മമ്മൂഞ്ഞ് നിരാശനായി എഫ്ബി യിലും പ്ലസ്സിലും മാറി മാറി കറങ്ങി നടന്നു . ഒരുത്തനും മൈന്‍ഡ്‌ ചെയ്യാത്തതില്‍ വേദനിച്ചു പ്രൊഫൈല്‍ വരെ ഡിലീറ്റി പോകാന്‍ തീരുമാനിച്ചു ,
പ്ലസ്സുകാരെയും മോന്ത പുസ്തകക്കാരെയും മാറി മാറി പ്രാകി മമ്മൂഞ്ഞ് സൈന്‍ ഔട്ട്‌ ചെയ്തു .
മമ്മൂഞ്ഞിന്റെ പരവേശം കണ്ടു ഉമ്മ കാര്യമന്വേഷിച്ചു ,പ്ലസിലെ നീന സയോവിന്റെ പൂച്ചയെ പോലെ മമ്മൂഞ്ഞ് മുരണ്ടതോന്നും ഉമ്മാക്ക് മനസ്സിലായില്ല
കമ്പ്യൂട്ടര്‍ പൂട്ടി ഉമ്മ കൊടുത്ത കട്ടന്‍ ചായയും എടുത്ത് മമ്മൂഞ്ഞ് ടിവി യുടെ മുന്‍പില്‍ വന്നിരുന്നു .
ചാനലുകള്‍ മാറിമാറി നോക്കുന്നതിനിടയിലാണ് ഏഷണിനെറ്റിലെ വാര്‍ത്ത കണ്ണില്‍ പെട്ടത് .
മമ്മൂഞ്ഞിന്റെ കണ്ണുകള്‍ വിടര്‍ന്നു ,വാര്‍ത്തയിലേക്ക് തന്നെ ശ്രദ്ധിച്ചിരുന്നു .
റോഡരുകില്‍ മഴയും വെയിലും കൊണ്ട് കിടന്ന മാനസീക രോഗിക്ക്  അത് വഴി വന്ന മനസ്സലിവ് തോന്നിയ ആരോ ഭക്ഷണം വാങ്ങി കൊടുക്കുന്നു , കൂട്ടുകാരെയും കൂട്ടി കുളിപ്പിച്ച് വസ്ത്രം ഉടുപ്പിച്ച് ആശുപത്രിയില്‍ എത്തിക്കുന്നു .കണ്ടു നിന്നവരും കേട്ടവരുമൊക്കെ അതിനു മുന്നിട്ടിറങ്ങിയ ചെറുപ്പകാരനെ അനുമോദിക്കുന്നു , അയാളിലെ നന്മയെ വാഴ്ത്തുന്നു .
മമ്മൂഞ്ഞിന്റെ തലയില്‍ ബള്‍ബ്‌ കത്തി ...
ഹുറേയ് യ് യ് ....മമ്മൂഞ്ഞ് നിന്ന നിലപ്പില്‍ ഒരു ചാട്ടം
ബഹളം കേട്ട് ഉമ്മ ഓടി വന്നു .. എന്ത്‌ര്‍ത്താണ്ടാ പഹയാ അനക്ക്..?
മറുപടി പറയാതെ കാലിയായ ഗ്ലാസ്‌ ഉമ്മാടെ കയ്യില്‍ കൊടുത്തു മമ്മൂഞ്ഞ് പുറത്തേക്കു പാഞ്ഞു .
ബൈക്ക് സ്റ്റാര്‍ട്ടാക്കി നേരെ ഓന്റെ ചങ്ങായി ബഷീറിന്റെ വീട്ടിലേക്ക് .
ബഷീറേ , ബഷീറേ ബൈക്ക് നിറുത്തന്നതിന് മുന്‍പെന്നെ മമ്മൂഞ്ഞ് നീട്ടി വിളിച്ചു  .

നാസിയ ബഷീര്‍ എന്ന അനോണി പ്രൊഫൈലില്‍ ഒലിപീര് പയ്യന്മാരുമായി 'മുഹബ്ബത്തി'നെ കുറിച്ച് പോസ്റ്റിട്ട് കളിക്കുകയായിരുന്നു ബഷീര്‍ .
മമ്മൂഞ്ഞിന്റെ അലര്‍ച്ച കേട്ട് പിന്നാക്കം മറിഞ്ഞു .
മമ്മൂഞ്ഞ് കാണാതെ ബഷീര്‍ ഒരു വിധം അനോണി മാറി സനോണിയായി .
എന്താണ്ടാ പ്രശ്നം ..മമ്മൂഞ്ഞിന്റെ തിടുക്കം കണ്ടു ബഷീര്‍ ചോദിച്ചു
യ്യ് വെക്കം വന്നാ ...
ങ്ങട്ടാണ്ടാ ...?
അതോക്കെണ്ട്...
ഉം, ഒരു ബക്കറ്റും എട്ത്തോ...
ന്തിനാണ്ടാ ...?
യ്യ് കേറ്‌....
ബക്കറ്റും കയ്യില്‍ പിടിച്ചു ബഷീര്‍ മമ്മൂഞ്ഞിന്റെ പിന്നില്‍ കയറി .
പോകുന്ന വഴിയില്‍ കാര്യങ്ങളൊക്കെ മമ്മൂഞ്ഞില്‍ നിന്നും ബഷീര്‍ മനസ്സിലാക്കി .
ആദ്യം ബഷീറിന് തീരെ പിടിച്ചില്ലെങ്കിലും ടി വി യില്‍ വരുമെന്നൊക്കെ കേട്ടപ്പോള്‍ ബഷീറും സമ്മതം മൂളി .
രണ്ടു പേരും കൂടി അങ്ങാടി മുഴുവനും കറങ്ങി ,മരുന്നിനു പോലും ഒരു മാനസീക രോഗിയെ കണ്ടു കിട്ടിയില്ല .
ഹോ .. ഇന്നലെ ന്റെ പൊരെന്റെട്ത്തു ഒരുത്തനെ ഞാന്‍ കണ്ട് ,
ഓനെ കണ്ടപ്പോളേ ഞാന്‍ മണ്ടിച്ചു . ബഷീര്‍ പറഞ്ഞു

ശേയ്താനേ, ന്ത് പണ്യാ യ്യ് ക്കാട്ട്യെ ,മമ്മൂഞ്ഞ് ഈര്‍ഷ്യയോടെ ബഷീറിനെ നോക്കി .

അനക്ക് പിരാന്തനെ കുളിപ്പിച്ച്  പോട്ടം പിടിക്കണം ന്ന് ഞാനറിഞാ ,ബഷീറിന്റെ മറുപടി .
 അത് തീരെ പിടിച്ചില്ലെങ്കിലും മമ്മൂഞ്ഞ് തിരിച്ചൊന്നും പറഞ്ഞില്ല .

ഒരു വഴീണ്ട് ...
ന്താ .. മമ്മൂഞ്ഞ് പ്രതീക്ഷയോടെ ബഷീറിനെ നോക്കി .
മ്മ്ളെ അന്ത്രുക്കാന്റെ മോന്‍ ശുജായി മൈദീന്റെ പൊരെന്റെ വാര്‍പ്പിന് കുറെ അണ്ണാച്യേള് വന്നിട്ടുണ്ട്
അയിലൊരു വാപ്പാപ്പ ണ്ട് ,ഒര് തന്ത ... അയാളെ പിടിച്ചാലോ ..?
പ്പെ നായീ ...രോഗ്യാണെങ്കിലെ ആശോത്രീ കൊണ്ടോകാന്‍ പറ്റൂ ...
അനക്ക് പോട്ടം പുടിച്ചാ പോരെ ..?
അല്ലടാ , വീഡിയോ ട്ത്ത്‌ട്ട് യു റ്റൂബുല് ടണം ,ന്നാലെ ആളോള് കാണൊള്ളൂ
ന്നാ യ്യ് ഒരിയ്‌ട്യ പറീ  ..
മമ്മൂഞ്ഞ് ഐഡിയ ഒന്നും വരാത്ത തല മാന്തി കൊണ്ടിരുന്നു .
ന്നാ അയാളെ തന്നെ നോക്കാം , ല്ലേ    -മമ്മൂഞ്ഞ്
ഉം , അതാ നല്ലത് ,   -ബഷീര്‍
ന്നാ യ്യി പോയി ചോയ്ക്ക് - മമ്മൂഞ്ഞ്
ഞാനാ...?  ഇയ്യെ ന്നെ പോയാ മതി - ബഷീര്‍

അവസാനം മമ്മൂഞ്ഞിന്റെ നിര്‍ബന്ധം സഹിക്കാതെ ബഷീര്‍ വാര്‍പ്പ് പണിക്ക് വന്ന തമിഴന്‍ മാരുടെ കൂട്ടത്തില്‍ കുഞ്ഞുങ്ങളെ നോക്കാനും മറ്റു മായി വന്ന പ്രായം ചെന്ന വൃദ്ധനെ ഒരു വിധം കൂട്ടത്തില്‍ നിന്നും പൊക്കി കൊണ്ട് വന്നു
ഡാ ... കുളിപ്പിക്കാന്നു  പറഞ്ഞപ്പോ തന്ത ഒര് പൊടിക്ക് സമ്മയ്ചീല, ഉറുപ്പ്യ അമ്പ്തു കൊടുക്കാന്നു പറഞ്ഞ്ട്ടാണ് വന്നത് ,
രണ്ടു പേരും കൂടി അങ്ങാടിയുടെ മറുവശത്തുള്ള തോടിന്റെ  ആളൊഴിഞ്ഞ ഇടത്തു വെച്ച് വൃദ്ധനെ കുളിപ്പിച്ചു , മമ്മൂഞ്ഞിന്റെ മൊബൈലില്‍ ബഷീര്‍ വീഡിയോ എടുത്തു .

രാത്രി തന്നെ മമ്മൂഞ്ഞ് യു റ്റൂബില്‍ അപ് ലോഡ്‌ ചെയ്തു , നേരത്തെ തീരുമാനിച്ച പ്രകാരം
ബഷീര്‍ പ്ലസ്സിലും , എഫ്ബി യിലും ഷയര്‍ ചെയ്തു , രോഗിയായ തമിഴ്‌ വൃദ്ധനെ സാമൂഹ്യ സേവകനായ യുവാവ് കുളിപ്പിച്ച് ഭക്ഷണം കൊടുക്കുന്നു എന്ന് ശീര്‍ഷകവും .
പിറ്റേന്ന് തന്റെ സ്ട്രീമില്‍ ലഭിക്കുന്ന ലൈക്കുകള്‍ സ്വപ്നം കണ്ടു മമ്മൂഞ്ഞ് സുഖമായുറങ്ങി ...

കള്ള ഹിമാറെ ...
രാവിലെ തന്നെ ഉമ്മയുടെ അലര്‍ച്ച കേട്ടാണ് മമ്മൂഞ്ഞ് ഞെട്ടി ഉണര്‍ന്നത് .
കണ്ണും തിരുമ്മി മുന്‍ വശത്ത് വന്നു നോക്കുമ്പോള്‍ പത്തിരുപതു അണ്ണാച്ചികള്‍ മുറ്റത്ത്.
ഇന്നലെ താന്‍ കുളിപ്പിച്ച വൃദ്ധന്‍ മുന്‍പോട്ടു വന്നു
അയ്യാ ...യെല്ലോര്‍ക്കും കുളിപ്പിക്കണം ...
ഇരുപത്തഞ്ച് രൂപാ തന്താ പോതും.....





Wednesday, January 4, 2012

രോദനം ...

സ്ത്രീയേ, നിന്നെ ഞാനെന്തു പേരിട്ടുവിളിക്കണം...

തന്നിലൂറുന്ന ചോരയെ ജീവന്റെ മുലപാലില്‍ നേദിചെന്നെയൂട്ടിയ-
അമ്മതന്‍ പേരിലോ ...
പെരുമ്പറകള്‍ മുഴങ്ങും പോര്‍തടങ്ങളില്‍
 മൃത്യുഞ്ജയനായ്‌ തിരികെയെത്താന്‍
കാന്തനായ്‌ നോയമ്പ് നോല്‍ക്കും നല്ല പാതിയോ ..
അച്ഛന്മതിയെനിക്കച്ചന്മതി എന്നുറക്കെ കരഞ്ഞെന്റെ മാറിന്‍ -
ചൂടുകൊണ്ടുമാത്രമുറങ്ങുമെന്‍ കുഞ്ഞു മകളെന്നോ....

ഇല്ല , ഇവരിലൊന്നും നിന്നെഞാന്‍ കാണുന്നില്ല ...
നിന്നെ വിളിക്കാന്‍ എനിക്കു പേരുകളില്ല ...


യുവാവിന്‍െ കൊലപാതകം: ഭാര്യയും കാമുകനും പിടിയില്‍
Published on Mon, 01/02/2012 - 09:44 ( 1 day 13 hours ago)

പഥികൻ

നിങ്ങൾ മെനഞ്ഞെടുത്ത അപസർപ്പക കഥയിലെ വില്ലനോ നായകനോ അല്ല ഞാൻ പാഥേയം നഷ്ട്ടപെട്ട ഒരു പഥികൻ മാത്രം, കളഞ്ഞുപോയ എൻ്റെ പൊതി ചോറ് ഞാനൊന്ന് തിരഞ്ഞോട...